KeralaNEWS

ഇക്കണക്കിന് പാളയെടുപ്പിക്കും!

കെ കുത്തുപാള എടുത്തിരിക്കുകയാ.. കേട്ടിട്ടില്ലേ, നയാപൈസ കയ്യിൽ എടുക്കാനില്ലാത്തവർ പറയുന്നത്.ഇനി ഉണ്ടെങ്കിലും ചിലർ അങ്ങനെയേ പറയൂ.അത് വേറെ കാര്യം!
എന്നാൽ ഒരു തലമുറയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു കമുകും കമുകുകൊണ്ടുള്ള ഉൽപ്പന്നങ്ങളും.കമുകു കീറിയാണ് ആട്ടിൻകൂടും മറ്റും പണിതു കൊണ്ടേയിരുന്നത്.നാലും കൂട്ടി മുറുക്കന്നതിനു മാത്രമല്ല,നാലണ കൈയ്യിൽ ഇല്ലാത്തപ്പോൾ വിൽക്കുവാനും പാക്ക് അല്ലെങ്കിൽ അടയ്ക്ക ഉപകരിച്ചിരുന്നു.കമുകിൻ പാളകൊണ്ട് ഉണ്ടാക്കാൻ വയ്യാത്ത സാധനങ്ങളും കുറവായിരുന്നു.അക്കാലത്ത് വീടുകളിൽ ഉണ്ടാക്കിക്കൊണ്ടിരുന്നതും പുതു തലമുറ വില കൊടുത്ത് മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്നതുമായ ഒരു സാധനമാണ് കമുകിൻ പാളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ.കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കുന്നവർക്കും വീട്ടമ്മമാർക്കുമൊക്കെ  പരീക്ഷിക്കാവുന്ന ഒന്നാണിത്.അല്ലെങ്കിൽ അൽപ്പസ്വൽപ്പം വരുമാനത്തിനുള്ള മാർഗ്ഗം!
 സോപ്പ് പെട്ടി,പാത്രങ്ങൾ, കപ്പുകൾ, മുറം.. തുടങ്ങി കമുകിൻ പാളകൊണ്ട് നിർമ്മിക്കുവാൻ പറ്റാവുന്ന ധാരാളം കാര്യങ്ങൾ ഉണ്ട്.പഴയ തലമുറയ്ക്ക് ജീവിതത്തിൽ ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഒന്നായിരുന്നു പാള.ഇന്ന് പക്ഷെ കാലം മാറി, കഥയും!
പാളയുടെ ഉപയോഗങ്ങൾ പലതായിരുന്നു പണ്ട്.
വഞ്ചിയിൽ കയറുന്ന വെള്ളം കോരികളയാൻ,
കൈക്കുഞ്ഞുങ്ങളെ  കിടത്തി കുളിപ്പിക്കാൻ, കൂടാതെ തൈര് വില്പനക്കാർ ഈർക്കിൽ  കുത്തി ഉണ്ടാക്കിയ പാള പാത്രങ്ങളിലായിരുന്നു അന്നത്തെ കാലത്ത് തൈര് കൊണ്ട് വിറ്റിരുന്നത്.
കുത്ത് പാള അഥവാ കുട്ടിപ്പാള എന്നുപറയുന്നത് അരിയും പരിപ്പുമെല്ലാം  പൂത്ത് പോകാതെ ഇട്ട് വെയ്ക്കാൻ ഉപയോഗിച്ചിരുന്നതാണ്… ചിരട്ട വെച്ച് അടച്ച് കയറിൽ തൂക്കിയിടും..
പാള സഞ്ചി
തുണി സഞ്ചിയും പ്ലാസ്റ്റിക് സഞ്ചിയും വരുന്നതിനൊക്കെ മുൻപ് ഉപയോഗിച്ചിരുന്നത് പാള സഞ്ചികൾ ആയിരുന്നു.
കവുങ്ങിന്റെ ഓല കൊണ്ട് ചൂൽ
പഴമക്കാർ കവുങ്ങിന്റെ ഓല കിണറ്റിൽ ഇടുന്നത് കണ്ടിട്ടുണ്ട്.  അത്‌ വെള്ളം ശുദ്ധീകരിക്കുമത്രേ, ഈർക്കിൽ ചൂൽ ഉണ്ടാക്കാനുള്ള ക്ഷമയും അധ്വാനവും കവുങ്ങിന്റെ ചൂലിന് വേണ്ട.
പാള വണ്ടി.!
പാളയിൽ കൊച്ചു കുട്ടികളെ ഇരുത്തി അതിന്റെ ഓലയിൽ പിടിച്ച് വലിച്ച് കൊണ്ട് നടക്കുക പണ്ടുകാലത്തെ  ഒരു വലിയ വിനോദമായിരുന്നു.
പാള തൊപ്പി.!
പാടത്തും മറ്റും പണിയെടുത്തിരുന്നവർ സ്ഥിരമായി ഉപയോഗിച്ചിരുന്നത്… വെയിലും മഴയും കൊള്ളാതെ പണിയെടുക്കാനുള്ള അന്നത്തെ ഏക മാർഗ്ഗം.
പാള തൊട്ടി.!
ബക്കറ്റ് വരുന്നതിന് മുൻപും ശേഷവും കിണറ്റിൽ നിന്ന് വെള്ളം കോരാൻ ഉപയോഗിച്ചിരുന്നത്.
പാള വിശറി.!
കറന്റ് ഇല്ലാത്ത കാലത്തെ ഫാനായിരുന്നു പാള വിശറി…
സ്വന്തമായി വീശി ചൂടകറ്റുക, അല്ലെങ്കിൽ കൊതുകിനെ ഓടിക്കുക… കുട്ടികൾ തഴപ്പായയിൽ ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടക്കുമ്പോൾ അമ്മ അടുത്തിരുന്ന് വീശിക്കൊടുക്കും… അന്നത്തെ ഫാനും ഏസിയും  എല്ലാമായിരുന്നു ഈ പാള വിശറി..!

Back to top button
error: