NEWS

ഭർത്താവിനെ വെട്ടിക്കൊന്ന് മകനോടൊപ്പം വീടുവിട്ട യുവതി പൊലീസ് പിടിയിൽ

ഇന്നലെ രാവിലെയാണ് പുതുപ്പള്ളി സ്വദേശി സിജിയെ വെട്ടേറ്റ നിലയിൽ കാണപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ആറു വയസ്സുള്ള മകനെയും കൊണ്ട് വീടുവിട്ട റോസന്നയെ വൈകുന്നേരത്തോടെ മണർകാട് പള്ളി പരിസരത്ത് നിന്നും പൊലീസ് പിടികൂടി

കോട്ടയം: ഭർത്താവിനെ വെട്ടിക്കൊന്ന് വീടുവിട്ട ഭാര്യ പിടിയിൽ. ഒരു പകൽ മുഴുവൻ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് പുതുപ്പള്ളിയിൽ ഭർത്താവിനെ വെട്ടിക്കൊന്ന ഭാര്യയെ പൊലീസ് പിടികൂടിയത്.

Signature-ad

കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ആണ് റോസന്നയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ കോട്ടയം മണർകാട് പള്ളി പരിസരത്ത് നിന്നും ആണ് റോസന്നയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിർണായകമായ അറസ്റ്റ് ഉണ്ടായത്. ഇന്നലെ പുലർച്ചെയാണ് പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെ ഇവർ വീട്ടിനുള്ളിൽ വച്ച്‌ വെട്ടിക്കൊന്ന ശേഷം ആറു വയസ്സുള്ള മകനെയും കൊണ്ട് വീടുവിട്ടത്.

സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസ് ഇവരെ തിരയുകയായിരുന്നു. പുതുപ്പള്ളി വഴി മകനുമൊത്ത് നടന്നു പോകുന്ന ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതിനിടെ ഇവർ കോട്ടയം ടൗണിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവർ ഉണ്ടെന്ന് വിവരവും പൊലീസിന് ലഭിച്ചു. എന്നാൽ അവിടെ നിന്നൊന്നും റോസന്നയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതിനു പിന്നാലെ വൈകുന്നേരം ലഭിച്ച വിവരപ്രകാരം മണർകാട് പള്ളി പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

വൈകാതെ ഇവരെ ചോദ്യം ചെയ്തശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മകനെ ബന്ധുക്കൾക്കൊപ്പം വിടുന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് വ്യക്തമാക്കി.

പുലർച്ചെ നടന്ന കൊലപാതകം ഏറെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. സിജിയെ വെട്ടേറ്റ നിലയിൽ വീട്ടിൽ കാണപ്പെടുകയായിരുന്നു. രാവിലെ എട്ടു മണിക്ക് ശേഷവും വീട് തുറക്കാതെ വന്നതോടെയാണ് അയൽവാസികൾ എത്തി പരിശോധിച്ചത്. ഈ സമയം സിജിയെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടുകാരും അടുത്ത ബന്ധുക്കളുമാണ് ഇതു സംബന്ധിച്ച വിവരം കോട്ടയം ഈസ്റ്റ് പോലീസിന് കൈമാറിയത്. നേരത്തെയും ഇവർ മകനൊപ്പം വീടുവിട്ടു ഇറങ്ങിപ്പോയിരുന്നു എന്ന് നാട്ടുകാരിൽ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് മാനസിക പ്രശ്നം ഉണ്ടോ എന്ന കാര്യത്തിൽ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തത വരൂ. വൈകാതെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇവരുടെ മനോനില പരിശോധിക്കും.

Back to top button
error: