IndiaLead NewsNEWS

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടം; വന്‍ ആഘോഷവും ഡി.ജെ. പാര്‍ട്ടിയും നടത്തിയെന്ന് വ്യാജവാര്‍ത്ത, കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി

കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്‌മെന്റാണ് യൂട്യൂബ് ചാനലിനെതിരേ പോലീസില്‍ പരാതി നല്‍കിയത്.

ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ കോയമ്പത്തൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ വന്‍ ആഘോഷവും ഡി.ജെ. പാര്‍ട്ടിയും നടത്തിയെന്നായിരുന്നു യൂട്യൂബ് ചാനലിലെ വാര്‍ത്ത. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നവരാണ് ഈ വിദ്യാര്‍ഥികളെന്നും ചില ദൃശ്യങ്ങള്‍ സഹിതം യൂട്യൂബ് ചാനല്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

ഡിസംബര്‍ ഏഴാം തീയതി കോളേജ് ഹോസ്റ്റലില്‍ നടന്ന ഫ്രഷേഴ്‌സ് പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് ഹെലികോപ്റ്റര്‍ അപകടം ആഘോഷിക്കുന്ന ദൃശ്യങ്ങളെന്ന് പറഞ്ഞ് യൂട്യൂബ് ചാനല്‍ പുറത്തുവിട്ടതെന്നും ഇത് വ്യാജവാര്‍ത്തയാണെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അപകടം നടന്നതിന്റെ പിറ്റേദിവസം കോളേജില്‍ അനുസ്മരണ പരിപാടികളടക്കം സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വ്യാജവാര്‍ത്ത നല്‍കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. സെംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: