ചെന്നൈ: റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട് ധര്‍മപുരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായ നാമക്കല്‍ സ്വദേശിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥിയെ റാഗ് ചെയ്ത 4 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു.
4 പേരും മൂന്നാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്. ഡിസംബര്‍ അഞ്ചാം തീയതിയാണ് വിദ്യാര്‍ഥി ആത്മഹത്യാശ്രമം നടത്തിയത്. ഇതോടെയാണ് കോളേജിലെ റാഗിങ് പുറത്തറിയുന്നത്. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അധികൃതര്‍ 4 വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പുറമേ ഹോസ്റ്റലില്‍നിന്നും ഇവരെ പുറത്താക്കിയിട്ടുണ്ട്. സംഭവത്തില്‍ കോളേജ് ഡീനിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
അതിനിടെ, റാഗിങ് വിവരം നേരത്തെ അറിഞ്ഞിട്ടും കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഒരാഴ്ച കഴിഞ്ഞാണ് നടപടിയുണ്ടായതെന്നും ആക്ഷേപമുണ്ട്. അതേസമയം, വിദ്യാര്‍ഥി ആദ്യം പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് പരാതി പിന്‍വലിച്ചെന്നാണ് കോളേജ് ഡീനിന്റെ വിശദീകരണം.