NEWS

ഹൗസ് സര്‍ജന്മാർ ഇന്ന് പി.ജി ഡോക്ടർമാർക്കൊപ്പം പണിമുടക്കും, മെ‍ഡിക്കൽ കോളജ് ആശുപത്രികൾ നിശ്ചലമാകും

സംസ്ഥാനത്ത് പി.ജി ഡോക്ടർമാർ നാലു ദിവസമായി സമരത്തിലാണ്. അവർക്ക് പിന്തുണയുമായി ഹൗസ് സര്‍ജന്മാരും ഇന്ന് പണി മുടക്കുന്നു. ഫലമോ നമ്മുടെ മെ‍ഡിക്കൽ കോളജ് ആശുപത്രികൾ നിശ്ചലമാകും, രോഗികൾ പെരുവഴിയിലാകും

തിരുവനന്തപുരം: ഹൗസ് സർജന്മാർ ഇന്ന് രാവിലെ എട്ടുമുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. പി.ജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജൻമാരും പണിമുടക്കുന്നതോടെ സംസ്ഥാനത്തെ മെ‍ഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ.
അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ചുള്ള സമരം ‌നാലാം ദിവസത്തിലേക്ക് കടന്ന ഇന്ന് പി.ജി ഡോക്ടർമാർ സെക്രട്ടേറിയേറ്റ് മാർച്ചും നടത്തും.
മെഡിക്കൽ കോളജ് ആശുപത്രികളിൽ നാലുദിവസമായി ചികിത്സാ സംവിധാനങ്ങൾ താളംതെറ്റിയ അവസ്ഥയിലാണ്.

ഹൗസ് സർജൻമാർ അടിയന്തര, കോവിഡ് വിഭാഗങ്ങളിലൊഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കകരിച്ചാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പി.ജി അധ്യാപകരായ ഡോക്ടർമാർ ഇന്ന് മൂന്ന് മണിക്കൂർ ഓ.പി ബഹിഷ്കരിക്കും. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപൻഡ് പരിഷ്കരണം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.  തിരക്കുകുറവുള്ള വിഭാഗങ്ങളിൽ നിന്ന് ഡോക്ടർമാരെ പുനഃക്രമീകരിച്ച് പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമം.

ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റുകയും ഒ.പി. ചികിത്സ മുടങ്ങിയ അവസ്ഥയിലുമാണ്. നാലുശതമാനം സ്റ്റൈപൻഡ് വർധന, പി.ജി.ക്കാരുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് ഒ.പി.യിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്.

Back to top button
error: