KeralaNEWS

മനസ്സിന്റെ മണിച്ചിത്രത്താഴ് തുറക്കാൻ വർഷങ്ങൾക്കു ശേഷം മുട്ടത്തേക്കോരു യാത്ര

മുട്ടം…!

വർഷങ്ങളായി മനസ്സിന്റെ മാറാലകൾക്കുമേൽ, അതിന്റെ ക്ലാവ് പിടിച്ച ഓർമ്മകൾക്കുമേൽ അതിങ്ങനെ കിടക്കുകയാണ്.അല്ലെങ്കിൽ മണിച്ചിത്രത്താഴ് എന്ന സിനിമ ആദ്യം കണ്ട നാൾ മുതൽ.
മാവേലിക്കരയ്ക്ക് അടുത്ത്
മുട്ടം എന്ന സ്ഥലത്തെത്തുമ്പോൾ ഇടതു വശത്തായി, കാടുകയറിയെങ്കിലും പഴയ പ്രൗഡി ഒട്ടും കുറയാതെ നിൽക്കുന്ന ആ മേട(മന) ഇന്നും കാണാം.അതാണ് “ആലുമ്മൂട്ടിൽ മേട.” ഇവിടെ വച്ചാണ് വർഷങ്ങൾക്കു മുമ്പ് “ആലുമ്മൂട്ടിൽ ചാന്നാൻ”എന്ന മനയിലെ കാരണവരും അവിടുത്തെ വേലക്കാരി പെൺകുട്ടിയും അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.ഈ അറുംകൊലകളുടെ കഥ കേട്ട് വളർന്ന മുട്ടം സ്വദേശിയായ  മധു എന്നൊരു യുവാവ് പിൽക്കാലത്ത്,കഥയെഴുത്തിലേക്ക് പരിവർത്തനം ചെയ്ത ആ കാലത്ത് ഇത് മനസ്സിൽ വച്ച് ഒരു കഥയെഴുതി.  മധു മുട്ടം എന്ന പേരിലായിരുന്നു അത്.ആ കഥ എങ്ങനെയോ ശ്രദ്ധയിൽപ്പെട്ട ഫാസിൽ അത് സിനിമയുമാക്കി.മലയാള സിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച സൈക്കോ ത്രില്ലറായ “മണിച്ചിത്രത്താഴ്” എന്ന സിനിമയുടെ പിറവി  അങ്ങനെയായിരുന്നു.
 (ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ
ഇൻഷുറൻസ് തുകയ്ക്കായി സുകുമാരക്കുറുപ്പ് കൊല നടത്തിയ കുന്നം എന്ന സ്ഥലവും ഇവിടെ അടുത്തു തന്നെ)

പണ്ട് എപ്പോഴോ നടന്ന ദുരൂഹമായ ആ കൊലപാതകങ്ങളെപ്പറ്റി മധുമുട്ടം കേട്ടറിഞ്ഞ കഥകൾ ഇപ്രകാരമായിരുന്നു:വർഷങ്ങൾക്കു മുമ്പ് അയിത്തം നിലനിന്നിരുന്ന രാജഭരണകാലത്ത് ഈഴവ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തിന് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ചാന്നാൻ സ്ഥാനം നൽകി ആദരിച്ച ജന്മിത്തറവാടായിരുന്നു ആലുമ്മൂട്ടിൽ മേട.മരുമക്കത്തായ സമ്പ്രദായമായിരുന്നു ഈ കുടുംബത്തിൽ നിലനിന്നിരുന്നത്. തിരുവിതാംകൂറിൽ അക്കാലത്ത് മഹാരാജാവിനുൾപ്പെടെ മൂന്നോ നാലോ പേർക്ക് മാത്രമേ കാർ ഉണ്ടായിരുന്നുള്ളൂ. അതിലൊരാളായിരുന്നു ഇവിടുത്തെ കാരണവർ.നൂറുകണക്കിനു വരുന്ന ജോലിക്കാർ ഈ തറവാട്ടിലുണ്ടായിരുന്നത്രെ…
മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് മരുമക്കൾക്കു ലഭിക്കേണ്ട സ്വത്തുക്കൾ കാരണവർ മക്കൾക്ക് എഴുതി നൽകി എന്നൊരു വാർത്ത പരന്നു.ഇതറിഞ്ഞ ബന്ധുക്കൾ അതിനെതിരെ രഹസ്യമായി ഗൂഡാലോചന നടത്തുകയും തുടർന്ന് സംഘം ചേർന്ന് മേടയിലെത്തിയ അവർ ചാന്നാനെ വെട്ടിക്കൊലപ്പെടുത്തുകയും  മേടയുടെ താക്കോൽക്കൂട്ടം കൈവശപ്പെടുത്തി നിലവറ തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന പണ്ടവും പണവുമെല്ലാം കൈക്കലാക്കുകയും ചെയ്തുവത്രേ.
ഈ സമയത്താണ് ഇതൊന്നുമറിയാതെ ഒരു വേലക്കാരി പെൺകുട്ടി മേടയിലേക്ക്  കടന്നുവന്നത്.ഈ കൊലപാതകത്തിന് യാദൃശ്ചികമായി ദൃക്സാക്ഷിയാകേണ്ടി വന്ന അവളേയും തെളിവില്ലാതാക്കാനായി മേടയിലിട്ടുതന്നെ ആ ദുഷ്ടന്മാർ ക്രൂരമായി വെട്ടിക്കൊന്നു.
 പ്രതാപൈശ്വര്യങ്ങളിൽ തിളങ്ങി നിന്ന ആലുമ്മൂട്ടിൽ മേട ഈ കൊലപാതകങ്ങൾക്കു ശേഷം ക്രമേണ ഭയപ്പെടുത്തുന്ന ഒരു പ്രേതഭവനമായി മാറി.രാജഭരണം നിലനിന്നിരുന്ന അക്കാലത്ത് പ്രതികളെല്ലാം പിടിക്കപ്പെടുകയും കൊലപാതകം നടത്തിയ ചാന്നാന്റെ അനന്തിരവനെ തൂക്കിക്കൊല്ലുകയും ചെയ്തു. തുടർന്ന് ഈ തറവാട്ടിൽ ഇടതടവില്ലാതെ ദുർനിമിത്തങ്ങൾ ഉണ്ടാവുകയും പിന്നീടവിടെ ആരും താമസിക്കാതാവുകയും ചെയ്തുവെന്നാണ് മധുമുട്ടത്തിന് അറിയാവുന്ന ആലുമ്മൂട്ടിൽ മേടയെ ചുറ്റിപ്പറ്റിയുള്ള ആ ചരിത്രം.
ഈ മേട സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും അധികം അകലയല്ലാതെയാണ് മധു മുട്ടത്തിന്റെ വീട്.അമ്മ മരിച്ചതിനു ശേഷം തനിച്ചാണ് താമസം. സഹോദരങ്ങളില്ല, വിവാഹം കഴിക്കാത്തതിനാൽ ബന്ധങ്ങളുടെ ഭാരവുമില്ല.
 “വഴിതെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു… എന്റെ വഴിയേ തിരിച്ചു പോകുന്നു…..” എന്ന് ഈ ചിത്രത്തിൽ കെ എസ് ചിത്ര പാടാനുള്ള കാരണവും മറ്റൊന്നല്ല.
നാട്ടുകാരെ പേടിപ്പെടുത്തുന്ന രീതിയിൽ
ഒരു പ്രേതഭവനമായി ആലുമ്മൂട്ടിൽ മേട ഇന്നും ഇവിടെ തലയുയർത്തി നിൽക്കുന്നു.മേടയുടെ എവിടെ നോക്കിയാലും ചിതലരിക്കാത്ത ആ പഴമയുടെ വിസ്മയങ്ങൾ കാണാം.വ്യാളീമുഖം കൊത്തിയ തടിവർക്കുകൾക്ക് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല.അപമൃത്യു നടന്ന ആ മുറിയ്ക്കുള്ളിൽ,കെട്ടിയ വലയിൽ നിന്നും പുറത്തു കടക്കാനാവാതെ ചിലന്തികളും എന്തോ കണ്ട് ഭയപ്പെട്ടതുപോലേ ചിറകടിച്ചു പറക്കുന്ന വവ്വാലുകളും നരിച്ചീറുകളും മാത്രം.മണിച്ചിത്രപ്പൂട്ടിട്ടു പൂട്ടിയ ആ വാതിലിനു വെളിയിൽ നിന്നാൽ അകത്തു നിന്ന് ഉയരുന്നത് ചിലങ്കയുടെ ശബ്ദമോ അതോ നരിച്ചീറുകളുടെ പറക്കലോ എന്നൊന്നും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ!
അതോ..“ഒരു മുറൈ വന്ത് പാറായോ…” എന്ന ഗാനം .. ഏയ് ഇല്ല…  വെറുമൊരു തോന്നൽ മാത്രമാണ് അത്.
1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽശോഭനസുരേഷ്‌ ഗോപി, തിലകൻ, കെപിഎസി  ലളിത എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചത്.
തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരത്തിലും തൃപ്പൂണിത്തുറ ഹില്‍ പാലസിലുമായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണങ്ങൾ ഏറെയും.എന്നാൽ പത്മനാഭപുരം കൊട്ടാരത്തിലെ ചിത്രീകരണം ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കേരളത്തിലെ പ്രവർത്തകർ തടസ്സപ്പെടുത്തി.ഒടുവില്‍ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി എം ജേക്കബിന്‍റെ കർശനമായ ഇടപെടലുകൾ ഒന്നുകൊണ്ടു മാത്രമാണ് ഈ ചിത്രത്തിന്റെ ബാക്കിഭാഗവും ക്ലൈമാക്സും പത്മനാഭപുരം കൊട്ടാരത്തിൽ ചിത്രീകരിക്കാൻ സാധിച്ചത്.(പത്മനാഭപുരം കൊട്ടാരം പുരാവസ്തു വകുപ്പിന്റെ കീഴിലായിരുന്നു).ഫാസിൽ എന്ന മുസ്ലിം നാമധാരിയായ സംവിധായകനായിരുന്നു അവരുടെ പ്രശ്നം.
കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു.
“ഒരു മുറൈ വന്ത് പാറായോ
വാസലൈ നാടി വാരായോ
ദറിസനം ഇൻ‌റു താരായോ
തോഹൈയിൻ ഏക്കം തീരായോ”

അപ്പോ നീ എന്നേ എങ്കേയും പോക വിടമാട്ടേ?

ഇല്ല, മലയാളി ഉള്ളിടത്തോളം നിന്നെ ഞങ്ങൾ എങ്കെയും വിടില്ല!

Back to top button
error: