KeralaNEWS

പ്രവാസികളിൽ ആത്മഹത്യ വർദ്ധിക്കുന്നതായി റിപ്പോർട്ട്

പ്രവാസികളിൽ ആത്മഹത്യ വർദ്ധിക്കുന്നു എന്ന് റിപ്പോർട്ട്.ആത്മഹത്യ മാത്രമല്ല, ടെൻഷനും തെറ്റായ ഭക്ഷണക്രമവും ചേർന്നുള്ള ഹൃദയാഘാതങ്ങളും പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ട്.
കൊറോണക്കാലത്ത് ഇന്ത്യയിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നത് കേരളത്തിൽ ആയിരിക്കും. സാമ്പത്തികമായി തളർന്നതും ജീവിതമാർഗം മുട്ടിയപ്പോയതും മൂലമാണ് പലരും ആത്മഹത്യ തിരഞ്ഞെടുത്തത്.പ്രവാസികളായ മലയാളികളുടെ കാര്യവും വ്യത്യസ്തമല്ല.പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്.ഗൾഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന ഒരു ശരാശരി മലയാളി ഒരിക്കലും തന്റെ കഷ്ടപ്പാട് വീട്ടുകാരെയോ നാട്ടുകാരെയോ അറിയിക്കാതിരിക്കാൻ എന്നും ശ്രദ്ധിക്കുന്ന ആളാണ്.ലേബർ ക്യാമ്പിലെ താമസമോ എരിപൊരിയുന്ന വെയിലത്തുള്ള സൈറ്റുകളിലെ പണിയോ,എന്നുവേണ്ട ബക്കാലകളിലെയോ മൈബൈൽ കടകളിലെയോ പന്ത്രണ്ടും പതിനാലും മണിക്കൂർ നീളമുള്ള ജോലിയെപ്പറ്റിയോ ഒന്നും അവൻ ആരോടും പറയാറുമില്ല.പക്ഷെ നാട്ടിലുള്ളവർ അത് കണ്ട് നിൽക്കണം.പ്രത്യേകിച്ച് ഭാര്യമാർ.

തന്റെ സാമ്പത്തികസ്ഥിതി വീട്ടുകാരെ അറിയിക്കാതിരുന്നതിനാൽ വീടുപണി പൂർത്തിയാക്കാൻ കഴിയാതിരുന്ന ഒരാളുടെ കാര്യങ്ങൾ കേൾക്കൂ.അയാൾ ദുബായിൽ ആയിരുന്നതിനാൽ ഭാര്യയായിരുന്നു വീടുപണിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്.മിക്ക വീട്ടമ്മമാർക്കും ഭർത്താവിന് ഗൾഫിൽ എന്താണു പണിയെന്നോ എന്തു വരുമാനമുണ്ടെന്നോ അറിയില്ല. വീടുപണി നടക്കുന്നതിനിടയിൽ, ഇലക്ട്രീഷൻ എല്ലാ മുറികളിലും എസിക്ക് പോയിന്റ് ഇട്ടില്ല എന്ന് ഭാര്യക്ക് പരാതി.നാലുപേർ മാത്രമുള്ള ആ വീട്ടിൽ എന്തിനാണ് നാലു കിടപ്പുമുറികളിലും എസി? പക്ഷേ, അവർ സമ്മതിക്കുന്നില്ല, പൈസ തരുന്നതു ഞങ്ങളല്ലേ എന്നാണവരുടെ വാദം.ഒടുവിൽ എല്ലാ മുറിയിലും എസിക്ക് പ്രൊവിഷനിട്ടു.

വില കൂടിയ മാർബിളാണ് ഫ്ളോറിങ്ങിനു വേണ്ടി കൊണ്ടുവന്നത്. പക്ഷേ, ഫ്ളോറിങ് നടന്നില്ല, കയ്യിൽ കാശില്ല എന്നതു തന്നെ കാരണം. ഭർത്താവിന് ഒരു ചെറിയ മൊബൈൽ ഷോപ്പിലായിരുന്നു ജോലി എന്നറിയാതെയാണ് ഭാര്യ പണം ധൂർത്തടിച്ചിരുന്നത്.ഓരോ പോയിന്റ് കൂടുന്നതിനുമനുസരിച്ച് കണക്‌ഷൻ വ്യത്യാസപ്പെടുമെന്നതും വൈദ്യുതി ബിൽ കൂടൂമെന്നതൊന്നും ഭാര്യ കണക്കിലെടുത്തില്ല.ഇതിൽ തീർച്ചയായും തെറ്റുകാരൻ ഭർത്താവു തന്നെയാണ്.ഇതൊരു ഉദാഹരണം മാത്രം.
ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഒരു പ്രവാസിക്ക് മണലാരണ്യത്തിൽ മരണം തിരഞ്ഞെടുക്കേണ്ടി വരുന്നത്.ജോലിയിലെയും താമസസ്ഥലത്തെയും ടെൻഷൻ.അതിലുപരി വീട്ടുകാർ നൽകുന്ന ടെൻഷൻ.ഇങ്ങനെ പലത്…എന്തു പ്രശ്നങ്ങളുണ്ടെങ്കിലും അയാളെ ചേർത്തു പിടിക്കുന്ന ഒരു കുടുംബം നാട്ടിലുണ്ടെങ്കിൽ ഒരു അതിജീവനത്തിന് അയാൾ എന്നും ശ്രമിച്ചുകൊണ്ടിരിക്കും,ഒരിക്കലും ആത്മഹത്യ വഴി ജീവിതത്തിന് ഫുൾ സ്റ്റോപ്പ് ഇടുകയുമില്ല.അല്ലാതെ വെറുമൊരു കറവപ്പശുവായി മാത്രം അവരെ കണ്ടാൽ ഇനിയും ആത്മഹത്യകൾ കൂടും എന്നേ പറയാൻ ഉള്ളൂ.

Back to top button
error: