KeralaNEWS

മാസ്കില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാൻ കെഎസ്ആർടിസി സ്ക്വാഡ്

കെഎസ്.ആർ.ടി.സി ബസ്സുകളില്‍ മാസ്‌ക് ധരിക്കാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ ഇനിമുതൽ സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തും.ഇതിനായി പ്രത്യേക സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാരെ പരിശോധനയ്ക്ക് നിയോഗിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി. യാത്രക്കാര്‍ മാത്രമല്ല, ബസ്സിലെ ജീവനക്കാരും മുഖാവരണം ധരിക്കാന്‍ വിമുഖത കാണിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണിത്. ഇന്‍സ്‌പെക്ടര്‍മാര്‍ ഓരോദിവസവും അവരെ ചുമതലപ്പെടുത്തുന്ന നിശ്ചിതയെണ്ണം ബസ്സുകളില്‍ പരിശോധന നടത്തും.
ഇത് കര്‍ശനമായി നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഓഫീസര്‍ ഉറപ്പാക്കണമെന്നും കെ.എസ്.ആര്‍.ടി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഉത്തരവിട്ടു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതും കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതും കാരണം ബസ് യാത്രികരില്‍ ഒരുവിഭാഗം മുഖാവരണം ഉപയോഗിക്കാന്‍ കൂട്ടാക്കുന്നില്ലെന്നാണ് പരാതി. ഇതുസംബന്ധിച്ച്‌ മനുഷ്യാവകാശ കമ്മീഷനും പരാതികള്‍ ലഭിച്ചു. ഓമിക്രോണ്‍പോലുള്ള കോവിഡ് വകഭേദങ്ങള്‍ പടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പരിശോധന ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നല്ലൊരുശതമാനം ജീവനക്കാരും യാത്രക്കാരും ശരിയായരീതിയിലല്ല മുഖാവരണം ധരിക്കുന്നത്.ബസ്സില്‍ കയറിയാല്‍ മുഖാവരണം ഊരിമാറ്റുകയോ താടിയിലേക്ക് താഴ്‌ത്തിയിടുകയോ ചെയ്യുന്നവര്‍ ധാരാളമുണ്ട്.ചിലര്‍ മാസ്‌കെടുത്ത് പോക്കറ്റില്‍ വെക്കും.ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വഴക്കുണ്ടാക്കുന്നതും പതിവായിരിക്കുകയാണ്.

Back to top button
error: