കോട്ടയം: ചേമ്പിൻ താൾ, മുരിങ്ങയില, മത്തയില, പയറില,തഴുതാമയില,ചീര തുടങ്ങിയ ഇല വർഗ്ഗങ്ങളും പച്ച പപ്പായ, വാഴപ്പിണ്ടി, ചേനത്തണ്ട് തുടങ്ങിയവയും നമ്മുടെ അടുക്കളയിൽ ഒരു കാലത്ത് സജീവമായിരുന്ന പോഷക മൂല്യമുള്ള ആഹാരപദാർത്ഥങ്ങളാണ്.എന്നാൽ നമ്മുടെ അടുക്കളയിൽ നിന്നും ഇന്ന് ഇവയെല്ലാം അപ്രത്യക്ഷമായിരിക്കയാണ്.പറമ്പു കളിൽ ഇവയിൽ പലതും ഇന്നും കാണാമെങ്കിലും ആർക്കും അറിയത്തില്ല,അല്ലെങ്കിൽ വേണ്ടാതാനും!
വർഷങ്ങൾക്കു ശേഷം കൊറോണ ലോക്ഡൗൺ കാലത്തെങ്കിലും ചിലരിതൊക്കെ അന്വേഷിക്കുകയും അടുക്കളയിൽ എത്തിക്കുകയും ചെയ്തിരിക്കാം.എന്നാൽ ഇനിയും അന്വേഷിച്ചിട്ടും കിട്ടാതിരുന്നവർ വേഗം കോട്ടയം പാമ്പാടി ചിന്തയിലേക്ക് വിട്ടോളൂ..
കീശ കീറാതെ നല്ല നാടൻ പച്ചിലക്കറി വിഭവങ്ങൾ അടുക്കളയിലെത്തിക്കുകയാണ് പാമ്പാടി കാളച്ചന്തയിലെ വെള്ളൂർ എ ഗ്രേഡ് പച്ചക്കറി ലേലം മാർക്കറ്റ്.ചേമ്പിൻ താൾ, മുരിങ്ങയില, മത്തയില, പയറില, വാഴപ്പിണ്ടി, ചേനത്തണ്ട് തുടങ്ങിയ ഇല ഇനങ്ങളും നാട്ടിൽ സലഭമായ പപ്പായ ചുരയ്ക്ക എന്നിവയും നാടൻ കിഴങ്ങു വർഗങ്ങളും ഇവിടെ ലഭിക്കും.പച്ചക്കറി വിലക്കയറ്റം മൂലം തകർന്നടിഞ്ഞ അടുക്കളയിലേക്ക് സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാതെ ജൈവ സമ്പുഷ്ടമായ ഇലക്കറി വർഗങ്ങൾ എത്തിച്ചതോടെ ഈ മാർക്കറ്റും ദിവസങ്ങൾ കൊണ്ടു ജനപ്രിയമായി.ദുരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെ എത്തിച്ചേരുന്നു.
പച്ചില വർഗങ്ങൾക്കെല്ലാം 30 രൂപയാണ് വില.നാടൻ കറിക്കായ 20 രൂപയ്ക്ക് ലഭിക്കും.വീട്ടിലേക്കുള്ള പച്ചക്കറികൾ 25 – 30 രൂപ ചെലവിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നു കർഷക സംഘം ഭാരവാഹികൾ പറയുന്നു.മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന വെള്ളൂർ കർഷക മാർക്കറ്റിന്റെ പുതിയ സംരംഭമാണ് ഇത്.
പോഷക മൂല്യമുള്ള പച്ചില വർഗങ്ങൾ വിപണനം ചെയ്യുന്നത് വഴി കർഷകനും ഒപ്പം ജനങ്ങൾക്കും ഗുണകരമായിരിക്കുകയാണ് ഈ മാർക്കറ്റ്.ഏഴര രൂപ നൽകി കാൽക്കിലോ ഇലക്കറി വാങ്ങിയാൽ 2 നേരത്തെ കറിക്കുണ്ടാകും.ചെറിയൊരു തുക മാത്രമെടുത്ത് ബാക്കി ഇങ്ങനെ ലഭിക്കുന്ന തുക കർഷകർക്കു തന്നെ നൽകുകയുമാണ് ഇവിടെ ചെയ്യുന്നത്.
Tags
Vgtbl ktm pmdy