ചെന്നൈ: തമിഴ് സിനിമാസംവിധായകന്‍ എം. ത്യാഗരാജനെ മരിച്ചനിലയില്‍ കണ്ടെത്തി.
വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിര്‍വശത്തെ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
കുടുംബവുമായി പിരിഞ്ഞുതാമസിച്ചിരുന്ന അദ്ദേഹം അവസാനകാലത്ത് തീര്‍ത്തും ദാരിദ്ര്യത്തിലായിരുന്നു. സര്‍ക്കാരിന്റെ ന്യായവില ഭക്ഷണശാലയായ അമ്മാ ഉണവകത്തില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും പറയപ്പെടുന്നു.
എ.വി.എം. പ്രൊഡക്ഷന്‍സിന്റെ 150-ാമത്തെ സിനിമയായ മാനഗര കാവല്‍ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ ഈ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.
വിരുദുനഗര്‍ ജില്ലയിലെ അരുപ്പുക്കോട്ട സ്വദേശിയായ ത്യാഗരാജന്‍ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. പൊണ്ണുപാര്‍ക്ക പോറേന്‍, വെട്രി മേല്‍ വെട്രി തുടങ്ങിയവയാണ് മറ്റ് പ്രധാനചിത്രങ്ങള്‍. മരണത്തില്‍ തമിഴ് സംവിധായകരുടെ സംഘടന അനുശോചിച്ചു.