കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശിനി മരിച്ചത് ചികിത്സ നല്‍കാതെ മന്ത്രവാദം നടത്തിയതു മൂലമെന്ന പരാതിയുമായി ബന്ധുക്കള്‍. കുനിങ്ങാട് കിഴക്കയില്‍ നൂര്‍ജഹാന്‍ ആണ് മരിച്ചത്. ഭര്‍ത്താവ് ജമാല്‍ നൂര്‍ജഹാന് ആശുപത്രി ചികിത്സ നിഷേധിക്കുകയും ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ നല്‍കിയതാണ് മരണത്തിന് കാരണായതെന്ന് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ ഭര്‍ത്താവിനെതിരെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി നൂര്‍ജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ജമാല്‍ ഭാര്യക്ക് ആശുപത്രി ചികിത്സ നല്‍കിയില്ല. പകരം മന്ത്രവാദം നടത്തുകയായിരുന്നു. ഒരിക്കല്‍ രോഗം കലശലായപ്പോള്‍ ജമാലിന്റെ എതിര്‍പ്പവഗണിച്ച് ബന്ധുക്കള്‍ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല. ചൊവ്വാഴ്ച വൈകീട്ട് ഭാര്യയെയും കൊണ്ട് ജമാല്‍ ആലുവയിലേക്ക് പോയി. പിറ്റേന്ന് പുലര്‍ച്ചെ നൂര്‍ജഹാന്‍ മരിച്ചതായി ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ആലുവയിലെ മതകേന്ദ്രത്തില്‍ വെച്ചാണ് നൂര്‍ജഹാന്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.