വളരെ കുറഞ്ഞ പരിചരണം കൊണ്ട് തന്നെ മികച്ച വിളവുതരുന്ന വൃക്ഷമാണ് കടപ്ലാവ് (ശീമപ്ലാവ്). കേരളത്തിനകത്തും പുറത്തും എന്നും കടപ്ലാവിന് മികച്ച വിപണിയാണുള്ളത്.അന്നജത്താൽ സമ്പുഷ്ടമായ കടചക്ക വിഷരഹിതഫലമെന്ന നിലയിൽ ഏവർക്കും പ്രിയപ്പെട്ട ഒന്നുതന്നെയാണ്.
നാരകം പല തരത്തിൽ ഉണ്ടെങ്കിലും ചെറുനാരകമാണ് അതിൽ കേമൻ.എന്നും ചെറുനാരങ്ങയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ് ആണ് ഉള്ളത്.ഒരു രോഗ സംഹാരി കൂടിയാണ് ഇത്.ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്ന ജീവകങ്ങളിൽ മുഖ്യമായ ജീവകം – സിയുടെ നല്ല ശേഖരമാണ് ചെറു നാരങ്ങ. മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്.
ദിവസവും നാരങ്ങാനീര് കുടിക്കുന്നതും ഇതു കൊണ്ട് മോണയിൽ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകൾ മാറാൻ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ് ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച് ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക് അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്. നല്ല അണുനാശിനിയാണ് സിട്രിക് ആസിഡ്.ടോൺസിലൈറ്റിസിനു ശമനമുണ്ടാക്കാൻ നാരങ്ങാ നീര് പുരട്ടുന്നത് നല്ലതാണെന്ന് ചില ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ് മറ്റൊരു ഗവേഷണഫലം. ഇലക്കറികൾ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര് സഹായിക്കും. നാരങ്ങ തുളച്ചതിൽ വിരൽ കടത്തിവെച്ച് നഖച്ചുറ്റ് മാറ്റുന്നതും നാരങ്ങാനീര് തലയിൽ പുരട്ടി താരൻ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തിൽ തേൻ കലർത്തിക്കുടിച്ച് ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്.