KeralaNEWS

കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽ പാത; സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷൻ

സുന്ദരമായ സ്ഥലങ്ങൾ.മനോഹരങ്ങളായ റെയിൽവേ സ്റ്റേഷനുകൾ.എത്രയെത്ര സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷനുകൾ..! കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട്.
കമൽ സംവിധാനം ചെയ്​ത കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനും ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയുമായിരുന്നു.നാദിയ കൊല്ലപ്പെട്ട രാത്രി,നമ്പര്‍ ട്വന്റി മദ്രാസ് മെയിൽ(പകുതിയിലേറെ ഭാഗങ്ങൾ) തുടങ്ങിയ സിനിമകളുടെ ചിത്രീകരണവും ഇവിടെ തന്നെയായിരുന്നു.
1927- ലാണ് ഷൊർണൂർ-നിലമ്പൂർ പാതയിൽ കൂടി ആദ്യമായി തീവണ്ടി ഓടിത്തുടങ്ങിയത്.രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ പാളം പൊളിച്ചുകൊണ്ടുപോയതിനെത്തുടർന്ന്‌ ദീർഘകാലം പിന്നീട് ഇതുവഴിയുള്ള സർവീസ് മുടങ്ങി.യുദ്ധം കഴിഞ്ഞ് പാളം പുനഃസ്ഥാപിച്ചാണ് ഇതുവഴി വീണ്ടും സർവീസുകൾ തുടങ്ങിയത്.
ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളാണുള്ളത്. വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് മനോഹരങ്ങളായ ആ റെയിൽവേ സ്റ്റേഷനുകൾ.എല്ലാം ചെറിയ സ്റ്റേഷനുകളാണ്. ചെറുതെങ്കിലും ഗ്രാമീണഭംഗി വിളിച്ചോതുന്ന തീര്‍ത്തും ഉള്‍ഗ്രാമത്തിലായാണ് സ്റ്റേഷനുകൾ. ബസ് റൂട്ട് കുറവായ ഈ നാട്ടുകാരുടെ പ്രധാന ആശ്രയവും ട്രെയിനാണ്.
വൈവിധ്യമാര്‍ന്ന കാഴ്ചകളാൽ സമ്പന്നമായ ഈ പാതയുടെ സമീപപ്രദേശങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കൂടുതൽ ടൂറിസവികസനപദ്ധതികള്‍  നടപ്പാക്കിയാൽ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുമെന്നതില്‍ സംശയമില്ല.
തീവണ്ടി ജാലകത്തിലൂടെയുള്ള പ്രകൃതിയുടെ കാഴ്ചകൾ കാണാൻ തന്നെ നിരവധി ആളുകളാണ് നിലവിൽ ഈ റൂട്ടിലൂടെ ട്രെയിനിൽ സഞ്ചരിക്കുന്നതും.
മഴയായാലും വെയിലായാലും ഗ്രാമീണ സൗന്ദര്യത്തില്‍ മതിമറന്ന്,ഹൃദ്യമായ കാഴ്ചകളുടെ മാറിലൂടെയുള്ള ട്രെയിന്‍ യാത്ര യാത്രികരെ സ്വപ്‌നസഞ്ചാരികളാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.മൺസൂൺ ടൂറിസത്തിനും പേരുകേട്ടതാണ് ഈ പ്രദേശങ്ങൾ.നഗരത്തിന്റെ മനം മടുപ്പിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ നിന്നും തിരക്കുകളില്‍ നിന്നു മാറി തഴുകിയെത്തുന്ന കുളിര്‍കാറ്റും ശുദ്ധവായുവും ആസ്വദിച്ചു പ്രകൃതിയുടെ പാട്ടില്‍ ലയിച്ചു പച്ചപ്പില്‍ അഭിരമിച്ചു കഥകളുറങ്ങുന്ന തേക്കിന്റെ നാട്ടിലേക്കൊരു വണ്ടര്‍ഫുള്‍ ജേര്‍ണി.അതാണ് ഷൊർണൂർ നിലമ്പൂർ റെയിൽ യാത്ര !!

Back to top button
error: