KeralaNEWS

ബോബി കൊട്ടാരക്കര വിട പറഞ്ഞിട്ട് ഇരുപത്തൊന്ന് വർഷങ്ങൾ

വിസ്മരിക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് ജീവിതത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് കടന്നുപോയ
ബോബി കൊട്ടാരക്കര എന്ന കുറിയ വലിയ നടൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 21 വർഷം പൂർത്തിയാകുന്നു.മലയാളസിനിമയിൽ മുഖ്യ വേഷങ്ങൾ ലഭിക്കാതിരുന്നപ്പോഴും  മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തിയ ഒരു നടനായിരുന്നു ബോബി കൊട്ടാരക്കര.
1952 മാർച്ച് 11-ൽ കൊട്ടാരക്കരയിൽ തോപ്പിൽ കിഴക്കതിൽ അസ്റാഭവനിൽ പരീതു റാവുത്തരുടേയും ഹാജിറാബീബിയുടേയും മൂത്തമകനായി ജനിച്ച ബോബിയുടെ യഥാർത്ഥ നാമം
‘അബ്ദുൾ അസീസ്’ എന്നായിരുന്നു.  സാമ്പത്തികമായി വളരെ ദരിദ്രമായ ചുറ്റുപാടിൽ ആയിരുന്നു ബോബിയുടെ കുട്ടിക്കാലം.എസ്. എസ്. എൽ. സി. വിദ്യാഭ്യാസത്തിനുശേഷം മറ്റു നിവൃത്തിയില്ലാഞ്ഞതിനാൽ കഥാപ്രസംഗകലയിലേക്ക് പ്രവേശിച്ചു. കഥാപ്രസംഗത്തിൽ സജീവമായതോടേ ‘അബ്ദുൾ അസീസ്’ എന്ന പേര് ‘ബോബി കൊട്ടാരക്കര’ എന്നാക്കി. വി. സാംബശിവനും കൊല്ലം ബാബുവും കഥാപ്രസംഗവേദികളിൽ നിറഞ്ഞു നിന്ന കാലത്ത് ബോബിയുടെ ‘ഉലക്ക’ എന്ന ഹാസ്യ കഥാപ്രസംഗം ഏറെ പ്രസിദ്ധിയാർജ്ജിച്ചിരുന്നു.          കഥാപ്രസംഗവേദിയിൽ നിന്ന് പിന്നീട് നാടകരംഗത്തേക്കും അവിടെ നിന്ന്  മിമിക്രി രംഗത്തും കഴിവ് തെളിയിച്ച ശേഷമാണ് ബോബി സിനിമയിലെത്തുന്നത്.മുച്ചീട്ടുകളിക്കാരന്റെ മകള്‍ (1975/ സംവിധാനം: തോപ്പില്‍ ഭാസി) എന്ന ചിത്രത്തിലൂടെയായിരുന്നു അത്.എങ്കിലും സിബി മലയില്‍ ആദ്യമായി സംവിധാനം ചെയ്ത ‘മുത്താരം കുന്ന് പി.ഒ.’ (1985) എന്ന ചിത്രത്തിലൂടെയായണ് ബോബി ഈ രംഗത്ത് ഏറെ ശ്രദ്ധേയനായത്.
25 വര്‍ഷത്തോളം മലയാള സിനിമാരംഗത്ത് നിറഞ്ഞു നിന്ന ബോബി ഏകദേശം 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കെ.രാജീവ്കുമാർ 2000-ൽ സംവിധാനം ചെയ്ത ‘വക്കാലത്ത് നാരാ‍യണൻ കുട്ടി’ എന്ന ജയറാം അഭിനയിച്ച ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് (ഡിസംബർ 3-ന്) 47-ാം വയസിൽ അദ്ദേഹം മരണമടഞ്ഞത്. വൈകിട്ട് ചിത്രീകരണം കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയ അദ്ദേഹത്തിന് രാത്രി ഒന്നരയോടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. അവിവാഹിതനായിരുന്നു.

Back to top button
error: