ആക്ഷന്‍ കോറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വയെക്കുറിച്ച് സിനിമാക്കാര്‍ക്കിടയില്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു പതിവ് പല്ലവിയുണ്ട്. ‘ഇത്തവണ അദ്ദേഹം എന്ത് തല്ലിപ്പൊളിക്കാനാണാവോ വരുന്നത്?’
ഒട്ടും അതിശയോക്തി കലര്‍ന്നതല്ല ഈ പ്രയോഗം. സ്റ്റണ്ട് സില്‍വയെ അടുത്തറിയാവുന്നവര്‍ക്ക് അദ്ദേഹത്തിന്റെ രീതികളെക്കുറിച്ച് നല്ല നിശ്ചയമുണ്ട്. ആ ശരീരത്തില്‍നിന്ന് നിരന്തരം പ്രവഹിക്കുന്ന ഊര്‍ജ്ജപ്രവാഹത്തെക്കുറിച്ചും. താന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങളിലും അതുണ്ടാകണമെന്ന് അദ്ദേഹം വാശി പിടിക്കും. അതിനുവേണ്ടി താരങ്ങളെ സജ്ജരാക്കും. താരങ്ങളുടെ പ്രായമൊന്നും അദ്ദേഹത്തിന് പ്രശ്‌നമല്ല. അതുകൊണ്ടാണ് ഒരേസമയം രജനികാന്തിനും വിജയ്ക്കുംവേണ്ടി അദ്ദേഹം ആക്ഷന്‍രംഗങ്ങള്‍ ഒരുക്കുന്നത്. സ്റ്റണ്ട് കോറിയോഗ്രഫി ചെയ്യുമ്പോള്‍ താരങ്ങള്‍ അദ്ദേഹത്തിന് ഉപകരണങ്ങള്‍ മാത്രമാണ്. പക്ഷേ അതിനുമുമ്പ് എല്ലാ കരുതലുകളും സില്‍വ എടുത്തിട്ടുണ്ടാവും. താരങ്ങളെ അത്ര കരുതലോടെ കാക്കേണ്ടവരാണെന്ന ബോദ്ധ്യം മറ്റാരേക്കാളും അദ്ദേഹത്തിനുണ്ട്.
രണ്ട് ദിവസം മുമ്പാണ് സില്‍വ എറണാകുളത്തെത്തിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതും സ്റ്റണ്ട് സില്‍വയാണ്. ലൂസിഫറിനുശേഷം മോഹന്‍ലാലിനോടൊപ്പം ഒരുമിക്കുന്ന ചിത്രവും. ‘ലാല്‍സാറിനുവേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ എനിക്കും കൊതിയാണ്. കാരണം ഇക്കാര്യത്തില്‍ എന്നെക്കാളാവേശം അദ്ദേഹത്തിനാണ്.’ ഒരിക്കല്‍ സില്‍വ പറഞ്ഞതോര്‍ക്കുന്നു.
ഏതായാലും ഇന്നലെ മോണ്‍സ്റ്ററിന്റെ ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിംഗ് തുടങ്ങി. പതിവ് ശൈലിയില്‍ സില്‍വ കത്തിക്കയറുകയാണ്. ലാലും ഫൈറ്റേഴ്‌സും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. സംശയമില്ല, ഈ ആക്ഷന്‍ ചുവടുകള്‍ തീപാറുക തന്നെ ചെയ്യും.