പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചത്.
മിഴിയോരം നനഞ്ഞൊഴുകും…ബിച്ചു തിരുമല ജലശംഖുപുഷ്പം പോലെ ഒഴുകി മാഞ്ഞു. സിനിമാ ഗാനങ്ങളിൽ നീലാകാശവും മേഘങ്ങളും അദ്ദേഹം മലയാളിക്ക് അനുഭവമായി നൽകി. ഒന്ന് നിനയ്ക്കും വേറൊന്ന് ഭവിക്കുമെന്ന് മനുഷ്യ ജീവിതത്തിന്റെ കേവലതയെ അദ്ദേഹം വരികളിലാക്കി. ആരാരോ ആരീരാരോ എന്ന് താരാട്ട് കുറിക്കാൻ ബിച്ചു തിരുമല ഇനിയില്ല. ജീവിതമെന്ന തൂക്കുപാലം അദ്ദേഹം പിന്നിട്ടിരിക്കുന്നു. ഏഴു സ്വരങ്ങളായി അദ്ദേഹം മലയാളിയുടെ നെഞ്ചിൽ ജീവിക്കും. മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിട… ആദരാഞ്ജലികൾ.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 79 വയസായിരുന്നു.സിജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13-നാണ് ബിച്ചു തിരുമല ജനിച്ചത്. പരേതനായ ബാലഗോപാലൻ (1946-ൽ രണ്ടാം വയസ്സിൽ അന്തരിച്ചു), പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ. 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്.
പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.[1] പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്. പ്രസന്നയാണ് ഭാര്യ. സുമൻ എന്നൊരു മകൻ അദ്ദേഹത്തിനുണ്ട്.