KeralaLead NewsNEWS

വനിത സംരംഭകര്‍ക്ക് ദേശീയ തലത്തില്‍ ആദരം; ശ്രദ്ധേയമായി ആദിവാസി വനിതാ ശാക്തീകരണ പദ്ധതി ‘വനമിത്ര’

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളില്‍ നടത്തി വരുന്ന ‘വനമിത്ര’ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും ദക്ഷിണേന്ത്യയില്‍ നിന്നുള്ള മികച്ച സംരംഭകരെന്ന നിലയില്‍ ദേശീയ തലത്തില്‍ ആദരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിശാഖപട്ടണത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഇവരെ ആദരിച്ചത്. ആന്ധ്രപ്രദേശ് പട്ടികവര്‍ഗ ക്ഷേമകാര്യ സെക്രട്ടറി കാന്തിലാല്‍ ഡാന്‍ഡേയാണ് പ്രശസ്തി പത്രം സമ്മാനിച്ചത്.

വനിത വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന വനമിത്ര പദ്ധതി ദേശീയ ശ്രദ്ധ നേടിയതില്‍ അഭിമാനമുണ്ട്. ആദിവാസി വനിതകളുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി വനിത വികസന കോര്‍പ്പറേഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ സംയോജിത നൈപുണ്യ വികസന പദ്ധതിയാണ് വനമിത്ര. തെരഞ്ഞെടുക്കപ്പെട്ട ആദിവാസി ഊരുകളിലെ 18 നും 55 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥിനികള്‍ക്കും വനിതകള്‍ക്കും നൈപുണ്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിവിധങ്ങളായ പരിശീലന പരിപാടികളാണ് നടത്തി വരുന്നത്. കൂടാതെ വസ്ത്ര നിര്‍മ്മാണം, ഡിസൈനിംഗ്, തേനീച്ച പരിപാലനം, പശു പരിപാലനം എന്നിവയില്‍ പരിശീലനവും തുടര്‍ന്ന് സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ സൗകര്യങ്ങളും നല്‍കി വരികയാണ്. വളരെ അഭിനന്ദനീയമായ പുരോഗതി കൈവരിച്ച് ഈ പദ്ധതി മുന്നേറുകയാണ്.

കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം സെക്രട്ടറി അനില്‍കുമാര്‍ ത്ധാ, എന്‍.എസ്.ടി.എഫ്.ഡി.സി. സി.എം.ഡി. അസിത് ഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Back to top button
error: