KeralaLead NewsNEWS

അയ്യപ്പ സ്വാമിയുടെ തിരുസന്നിധിയിലേക്കുള്ള തീര്‍ഥാടന പാതകള്‍ ശുചിയാക്കാന്‍ ഇന്നു മുതല്‍ 501 വിശുദ്ധി സേനാംഗങ്ങള്‍

അയ്യപ്പ സ്വാമിയുടെ പരിപാവനമായ പൂങ്കാവനം ശുചിയാക്കുന്നതിനായി കൂടുതല്‍ വിശുദ്ധി സേനാംഗങ്ങളെ നിയോഗിച്ചു. 288 പേരെയാണ് പുതുതായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചത്. നിലയ്ക്കലില്‍ 125 പേരേയും, പമ്പയില്‍ 88 പേരേയും, സന്നിധാനത്ത് 75 പേരേയുമാണ് പുതുതായി നിയോഗിച്ചത്. ആകെ 501 വിശുദ്ധി സേനാംഗങ്ങളാണ് പമ്പ, നിലയ്ക്കല്‍, സന്നിധാനം, പന്തളം, കുളനട എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. പുതുതായി എത്തിയ വിശുദ്ധി സേനാംഗങ്ങളെ ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.

213 വിശുദ്ധി സേനാംഗങ്ങളെയാണ് ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ വിന്യസിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനത്ത് 100 വിശുദ്ധിസേനാംഗങ്ങളും പമ്പയിലും നിലയ്ക്കലിലുമായി 50 പേര്‍ വീതവും കുളനടയിലും പന്തളത്തുമായി 13 പേരെയുമാണ് നിയോഗിച്ചത്. വിശുദ്ധിസേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവയ്ക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പാക്കുന്നു. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍പേഴ്‌സണായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി 1995ല്‍ ആണ് രൂപീകരിച്ചത്.

Back to top button
error: