കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ പര്വീന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്, അമ്മ എന്നിവരെ അര്‍ധരാത്രിയോടെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മീഷനും, റൂറല്‍ എസ്പിയും ആവശ്യപ്പെട്ടിരുന്നു. ഗാര്‍ഹികപീഡനത്തെത്തുടര്‍ന്നാണ് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയാ പര്വീന് എന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്പ് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍ ഒരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല.