IndiaLead NewsNEWS

വരൻ വിവാഹത്തിനെത്തിയില്ല; വീടിന് മുന്നിൽ ധർണ്ണയുമായി വധു

ഭുവനേശ്വര്‍: വിവാഹദിനത്തില്‍ വരന്‍ എത്താത്തതിനെ തുടര്‍ന്ന് വിവാഹ വസ്ത്രം ധരിച്ച് വരന്റെ വീടിന് മുന്നില്‍ ധര്‍ണ്ണയുമായി പ്രതിശുത വധു. വിവാഹദിനത്തില്‍ മണ്ഡപത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് വരന്റെ വീട്ടിന് മുന്നില്‍ യുവതി ധര്‍ണ്ണ നടത്തിയത്.

ഒഡീഷയിലെ ബെര്‍ഹാംപൂരിലാണ് സംഭവം. വധു ഡിംപിള്‍ ഡാഷും വരന്‍ സുമീത് സാഹുവും നേരത്തേ നിയമപരമായി വിവാഹിതരായതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പരിമിതമായ അതിഥികളുടെ സാന്നിധ്യത്തില്‍ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്താനാണ് കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, ഡിംപിളും കുടുംബവും വിവാഹ വേദിയില്‍ എത്തിയപ്പോള്‍ വരനെയും കുടുംബത്തെയും കാണാനില്ല. അവര്‍ മണിക്കൂറുകളോളം മണ്ഡപത്തില്‍ കാത്തിരുന്നു. ആവര്‍ത്തിച്ചുള്ള കോളുകളോടും സന്ദേശങ്ങളോടും വരനോ വീട്ടുകാരോ പ്രതികരിച്ചില്ല. ഇതോടെ മണ്ഡപത്തില്‍ കാത്തുനില്‍ക്കാതെ, ഡിംപിളും അമ്മയും വരന്റെ വീട്ടില്‍ പോയി ധര്‍ണ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഞങ്ങളുടെ വിവാഹം 2020 സെപ്റ്റംബര്‍ 7 ന് രജിസ്റ്റര്‍ ചെയ്തു. ആദ്യ ദിവസം മുതല്‍ എന്റെ ഭര്‍തൃവീട്ടുകാര്‍ എന്നെ പീഡിപ്പിക്കുന്നു, ഒരിക്കല്‍ അവര്‍ എന്നെ മുകളിലത്തെ മുറിയില്‍ പൂട്ടിയിട്ടു. നേരത്തെ എന്റെ ഭര്‍ത്താവ് എന്നെ പിന്തുണച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കടന്നുപോയപ്പോള്‍, എന്റെ ഭര്‍ത്താവ് കുടുംബത്തോടൊപ്പം നിന്നു, തുടര്‍ന്ന് ഞങ്ങള്‍ മഹിളാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിനുശേഷം, എന്റെ ഭത്താവിന്റെ പിതാവ് എന്റെ വീട്ടില്‍ വന്നു, എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് ഹിന്ദു ആചാരപ്രകാരം കല്യാണം നടത്തണമെന്ന് ആവശ്യപ്പെട്ടു – ഡിംപിള്‍ ഡാഷ് പറഞ്ഞു. അതേസമയം സംഭവത്തോട് വരനും കുടുംബാംഗങ്ങളും പ്രതികരിക്കാന്‍ തയ്യാറായില്ല.

Back to top button
error: