കൊച്ചി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാളെ കേന്ദ്രമന്ത്രിയെ സമീപിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. വന്യജീവികളെ സംരക്ഷിക്കേണ്ട വനംവകുപ്പുതന്നെ കേന്ദ്രത്തെ സമീപിക്കുന്നതില്‍ വൈരുദ്ധ്യമുണ്ട്. അതുകൊണ്ട് നിബന്ധനകളോടെയാണ് പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും ശശീന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു .
കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുളള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടും സംസ്ഥാനത്തെ മലയോര മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശല്യം കൂടുതലുളള പ്രദേശങ്ങളില്‍ ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊന്നൊടുക്കാനുളള അനുമതി തേടി സംസ്ഥാനം നല്‍കിയ അപേക്ഷയില്‍ കേന്ദ്രം ഇത് വരെ തീരുമാനം എടുത്തിട്ടില്ല. കാട്ടുപന്നി ശല്യം രൂക്ഷമായ പല മേഖലകളിലും കൃഷി നിലച്ച മട്ടാണ്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. എന്നാല്‍ വനങ്ങളിലെന്നതുപോലെ ജനവാസ മേഖലകളിലും ഈ വന്യജീവി പെറ്റു പെരുകുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ കാട്ടുപന്നികള്‍ എത്രത്തോളമെന്നോ എവിടെയെല്ലാമെന്നോ ആര്‍ക്കും വ്യക്തതയില്ല. എങ്കിലും ഏറ്റവുമധികം കൃഷിനാശമുണ്ടാക്കുന്ന ജീവികളലൊന്ന് ഇവയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.