തെറി അനിവാര്യമെന്ന് വിനയ് ഫോര്‍ട്ടും ഒരു പാലത്തിനപ്പുറമുള്ള മറ്റൊരു ലോകമാണ് ചുരുളിയെന്നും സിനിമ ഇഷ്ടപ്പെട്ടെന്ന് എൻ.എസ് മാധവനും; ‘ചുരുളി’ വിവാദം കൊഴക്കുന്നു
“ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്പോഴും ഓരോ സംസാരമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും അവിടുത്തുകാർ സംസാരിക്കുക. സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും…” വിനയ് ഫോർട്ട്
“ഒരു പാലത്തിനപ്പുറമുള്ള മറ്റൊരു ലോകമാണ് ചുരുളി. സിനിമ ഇഷ്ടപ്പെട്ടു…” എൻ.എസ് മാധവൻ
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ചുരുളി’ വന്‍ വിവാദത്തിലേക്ക്. ചിത്രത്തിലെ തെറിവിളി ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ചിത്രത്തെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന് നിറയുകയാണ്.
ഇതിനിടയിലെ ‘ചുരുളി’യില്‍ തെറി അനിവാര്യമാണെന്ന അഭിപ്രായവുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് രംഗത്തെത്തി. സിനിമ നടക്കുന്ന സ്ഥലത്തെ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണത്.
വിനയ് ഫോര്‍ട്ടിന്റെ വാക്കുകൾ:
”സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്, അവര്‍ ഉയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാണെന്ന് കരുതുന്നില്ല. അത് അനിവാര്യമായ കാര്യമാണ്. പ്രായപൂര്‍ത്തിയയാവര്‍ക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ‘ചുരുളി.’
ആമസോണ്‍, നെറ്റ്ഫ്ലിക്സ് എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും. ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷ സംസാരിക്കണം. അതില്‍ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുണം എന്നുണ്ടോ. ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്പോഴും അന്നാട്ടുകാർ ഉപയോഗിക്കുന്നഓരോ ഭാഷയുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും അവിടുത്തുകാർ സംസാരിക്കുക. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും എന്നാണ് ഞാന്‍ ഭയപ്പെടുന്നത്.”
ഇതിനിടെ ‘ചുരുളി’യെ പ്രശംസിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ രംഗത്തെത്തി
ഒരു പാലത്തിനപ്പുറമുള്ള മറ്റൊരു ലോകമാണ് ചുരുളി. സിനിമ ഇഷ്ടപ്പെട്ടു, അത് ചെയ്യാനെടുത്ത പ്രയത്‌നത്തേയും പ്രശംസിക്കുന്നു എന്നാണ് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തത്.
സിനിമ റിലീസിന് പിന്നാലെ വെട്രിമാരൻ അടക്കമുള്ള നിരവധി പേർ പ്രശംസയുമായി രംഗത്തെത്തി. അതോടൊപ്പം തന്നെ സിനിമയിൽ തെറി വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിൽ വിമർശനവും ഉയരുന്നുണ്ട്.
‘ചുരുളി’ നവംബർ 19നാണ് സോണി ലവ്വിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. അതിന് പിന്നാലെ സിനിമയിലെ തെറിവാക്കുകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. സിനിമയുടെ മികവോ, താരങ്ങളുടെ പ്രകടനമോ, കഥയോ ചർച്ചയാവുന്നതിന് പകരം പ്രേക്ഷകർ ഏറ്റെടുത്തത് സിനിമയിലെ ഭാഷയാണ്.
വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥയെ ആധാരമാക്കിയാണ് ‘ചുരുളി’ ഒരുക്കിയിരിക്കുന്നത്. എസ്.ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠൻ ക്യാമറ. മൈലാടുംപറമ്പിൽ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പൻ വിനോദ് ജോസും, വിനയ് ഫോർട്ടും ചുരുളി എന്ന സ്ഥലത്ത് എത്തിപ്പെടുന്നും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ.