ഖത്തർ ലോകകപ്പിന് ഇനി ഒരു വർഷം മാത്രം
ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്നതിന് ശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പ് ഫുട്ബോളിന് ഇനി കൃത്യം ഒരു വർഷം. ഖത്തറിനേക്കാൾ ആവേശത്തോടെ ലോകകപ്പിന്റെ വരവ് കാത്തിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം
ദോഹ: കേരളത്തിന്റെ മൂന്നിലൊന്നു മാത്രം വലുപ്പമുള്ള രാജ്യം. ആകെ ജനസംഖ്യ 26 ലക്ഷം. അതിൽതന്നെ ആറു ലക്ഷത്തിലേറെ ഇന്ത്യക്കാർ. അതിൽ ഭൂരിഭാഗവും മലയാളികൾ.
അവരെല്ലാവരും ഒരുമിച്ചൊരു പന്തിനു പിന്നാലെ ഓടാൻ ഇനി ഒരു വർഷം മാത്രം ബാക്കി…
2022 നവംബർ 21 ന് ലോകം മുഴുവൻ ഖത്തറിലെത്തും. അറബി നാട്ടിലെ, മരുഭൂമിയിലെ ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാൻ.
ഖത്തറിനേക്കാൾ ആവേശത്തോടെ ലോകകപ്പിന്റെ വരവ് കാത്തിരിക്കുന്ന മറ്റൊരു സ്ഥലമുണ്ട്. നമ്മുടെ കൊച്ചു കേരളമാണത്. ആദ്യമായി ഒരു ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നേരിട്ട് കാണാൻ പറ്റിയേക്കും എന്നതാണ് മലയാളികളുടെ ഈ ആവേശ കാത്തിരിപ്പിന് പിന്നിൽ.
ആദ്യമായാണ് നമുക്കു തൊട്ടടുത്ത് ഒരു ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. കേരളത്തിൽ നിന്നും ഖത്തറിലേക്ക് വെറുംനാലര മണിക്കൂർ യാത്രാ ദൂരം മാത്രം.
ഖത്തറിൽ നാട്ടുകാരും ബന്ധുക്കളുമൊക്കെ ഇഷ്ടം പോലെ ഉള്ളതുകൊണ്ട് താമസവും ഓൺ അറൈവൽ വീസ ഉള്ളതുകൊണ്ടു വീസയും ഒരു പ്രശ്നവുമില്ല.
വിമാന ടിക്കറ്റും, കളികാണാനുള്ള ടിക്കറ്റുമുണ്ടെങ്കിൽ നമുക്കു ലോകകപ്പ് കാണാം. അതുകൊണ്ടു തന്നെ 2022ലെ ഖത്തർ ലോകകപ്പ് മലയാളികളുടേതു കൂടിയാവും.
ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ് ഖത്തറിൽ നടക്കുന്നത്. 2022 നവംബർ 21 നാണ് കിക്കോഫ് ഡിസംബർ 18 ന് ഫൈനൽ മത്സരം നടക്കും. ഫ്രാൻസാണ് നിലവിലെ ചാമ്പ്യന്മാർ.
ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂർണമെന്റിന് ശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പ് ഫുട്ബോളാണിത്.