KeralaLead NewsNEWS

ദേശീയപാത 66; കേരളത്തിൽ 6 വരി ആക്കുന്ന പദ്ധതിക്ക് പുതുവേഗം,16 റീച്ചുകളിൽ കരാർ ഉറപ്പിച്ചു

പനവേൽ–കന്യാകുമാരി ദേശീയപാത 66 കേരളത്തിൽ 6 വരിയാക്കുന്ന പദ്ധതിക്കു പുതുവേഗം പകർന്നു 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയപാത അതോറിറ്റി കരാർ ഉറപ്പിച്ചു. കാസർകോട് അതിർത്തിയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ ദേശീയപാത 6 വരിയാക്കാനാണു കരാറുകൾ നൽകിയിരിക്കുന്നത്.

കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള റോഡ് നിർമാണം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. കേന്ദ്രം 75 ശതമാനം തുക മുടക്കുമ്പോൾ ഭൂമിയേറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരും നൽകുന്നുണ്ട്. ഇപ്പോൾ ദേശീയ പാത 66 പലയിടത്തും 2 വരിയാണ്, റോഡിന്റെ സ്ഥിതി മിക്കയിടങ്ങളിലും പരിതാപകരമാണ്. പ്രത്യേകിച്ചു മലബാർ മേഖലയിലും ആലപ്പുഴ, കൊല്ലം ജില്ലകളിലും. 2024 ആകുന്നതോടെ ഈ ദുരവസ്ഥക്കു മാറ്റം വരും.

Signature-ad

കൊടുങ്ങല്ലൂർ–ഇടപ്പള്ളി, ഇടപ്പള്ളി–തുറവൂർ, പറവൂർ–കൊറ്റംകുളങ്ങര, കടമ്പാട്ടുകോണം– കഴക്കൂട്ടം റീച്ചുകളിലാണു ഇനി കരാർ നൽകാനുള്ളത്. ഇതിന്റെ നടപടിക്രമം അവസാന ഘട്ടത്തിലാണ്. 45 മീറ്റർ വീതിയിലാണു ദേശീയപാത 6 വരിയായി വികസിപ്പിക്കുന്നത്. മികച്ച നഷ്ടപരിഹാരം നൽകുന്നതിനാൽ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ടു കാര്യമായ തർക്കങ്ങൾ ഇല്ല.

2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുകയാണു ഭൂവുടമകൾക്കു ലഭിക്കുന്നത്. മലബാർ മേഖലയിലും തൃശൂർ ജില്ലയിലും നഷ്ടപരിഹാര വിതരണം നടന്നു വരികയാണ്. എറണാകുളം ജില്ലയിലും നഷ്ടപരിഹാരം കൊടുത്തു തുടങ്ങിയിട്ടുണ്ട്. 6 മാസത്തിനകം നഷ്ടപരിഹാര വിതരണം പൂർത്തിയാക്കും.
മഹാരാഷ്ട്രയിലെ പനവേലിൽ ആരംഭിച്ചു തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന എൻഎച്ച് 66ന്റെ ആകെ ദൈർഘ്യം 1622 കിലോമീറ്ററാണ്.

ഗോവ, കർണാടക വഴി കൊങ്കൺ തീരത്തു കൂടിയുള്ള പാതയുടെ ഏറ്റവും കൂടുതൽ ദൂരം കടന്നു പോകുന്നതു കേരളത്തിലൂടെയാണ്. 669 കിലോമീറ്റർ. വാഹനപെരുപ്പം മൂലം ബുദ്ധിമുട്ടുന്ന കേരളത്തിന് വലിയ ആശ്വാസമാകും ദേശീയ പാത വികസനം.

വിവിധ റീച്ചുകളും കരാർ നേടിയ കമ്പനികളും

1.തലപ്പാടി–ചെങ്ങള ∙ ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി

2.ചെങ്ങള–നീലേശ്വരം ∙ മേഘ എൻജിനീയറിങ്

3.നീലേശ്വരം–തളിപ്പറമ്പ് ∙ മേഘ എൻജിനീയറിങ്

4.തളിപ്പറമ്പ്– മുഴപ്പിലങ്ങാട് ∙ വിശ്വസമുദ്ര എൻജിനീയറിങ്

5.മുഴപ്പിലങ്ങാട് –അഴീയൂർ (മാഹി ബൈപാസ്) ∙ ഇകെകെ കൺസ്ട്രക്‌ഷൻസ്

6.അഴീയൂർ–വെങ്ങളം ∙ അദാനി എൻറർപ്രൈസസ്

6 എ– മൂരാട് പാലൊളി പാലം ∙ ഇ 5 ഇൻഫ്രാസ്ട്ക്രചർ

7.വെങ്ങളം രാമനാട്ടുകര∙ കെഎംസി ഇൻഫ്രാസ്ടക്ചർ

8.രാമനാട്ടുകാര–വളാഞ്ചേരി ബൈപാസിന്റെ തുടക്കം∙ കെഎൻആർ കൺസ്ട്രക്‌ഷൻ

9.വളാഞ്ചേരി ബൈപാസ് മുതൽ കാപ്പിരിക്കാട് ∙കെഎൻആർ കൺസ്ട്രക്‌ഷൻ

10.കാപ്പിരിക്കാട്–തളിക്കുളം ∙ശിവാലയ കൺസ്ട്രക്‌ഷൻസ്

11.തളിക്കുളം–കൊടുങ്ങല്ലൂർ ∙ ശിവാലയ കൺസ്ട്രക്‌ഷൻസ്

12.കൊടുങ്ങല്ലൂർ– ഇടപ്പള്ളി – ടെൻഡർ ക്ഷണിച്ചു

13.ഇടപ്പള്ളി–തുറവൂർ– പ്രാഥമിക നടപടികൾ തുടങ്ങി

14.തുറവൂർ തെക്ക്– പറവൂർ ∙കെസിസി ബിൽഡ്കോൺ

15.പറവൂർ–കൊറ്റംകുളങ്ങര– ടെൻഡർ ക്ഷണിച്ചു

16.കൊറ്റംകുളങ്ങര–കൊല്ലം ബൈപാസിന്റെ തുടക്കം∙വിശ്വസമുദ്ര എൻജിനീയറിങ്

17.കൊല്ലം ബൈപാസ് –കടമ്പാട്ടുക്കോണം ∙ശിവാലയ കൺസ്ട്രക്‌ഷൻ

18.കടമ്പാട്ടുകോണം– കഴക്കൂട്ടം– ടെൻഡർ ക്ഷണിച്ചു

19.കഴക്കൂട്ടം–മുക്കോല–പൂർത്തിയാക്കി–കെഎൻആർ

20.മുക്കോല–കാരോട്– 95 ശതമാനം പണി പൂർത്തിയായി , എൽ ആൻഡ് ടി

ദേശീയപാത സ്ഥലമേറ്റെടുക്കൽ നടപടികൾ വിവിധ ജില്ലകളിൽ അവസാന ഘട്ടത്തിലാണ്.

ഭൂമിയേറ്റെടുത്ത കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റോഡ് നിർമാണത്തിന്റെ പ്രാരംഭ ജോലികൾ തുടങ്ങിയിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിക്കൽ, മരം മുറിക്കൽ തുടങ്ങിയ പ്രാഥമിക ജോലികളാണു നടക്കുന്നത്.

മാഹി ബൈപാസിന്റെയും മുക്കോല–കാരോട് റോഡിന്റെയും നിർമാണം 2022 മാർച്ചിൽ പൂർത്തിയാകും.

ഏറ്റവും വേഗത്തിൽ പദ്ധതി മുന്നേറുന്നതു മലപ്പുറം, കാസർകോട് ജില്ലകളിലാണ്. ഈ ജില്ലകളിൽ പല റീച്ചുകളിലും ഭൂമി നിരപ്പാക്കി തുടങ്ങിയിട്ടുണ്ട്. റോഡ് നിർമാണത്തിനായി പഴയ കെട്ടിടങ്ങൾ ഏറെക്കുറെ പൊളിച്ചു മാറ്റി കഴിഞ്ഞു. 4 വരിയുള്ള ഇടപ്പള്ളി– അരൂർ പാത 6 വരിയാക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയിട്ടുണ്ട്.

എൻഎച്ച് 66 ന്റെ വികസനത്തിനു പുറമേ പുതിയ കൊച്ചി–മൂന്നാർ–തേനി 4 വരി പാത, ദേശീയപാത 544ൽ തൃശൂർ–ഇടപ്പള്ളി, വാളയാർ–വടക്കൻഞ്ചേരി 6 വരിയാക്കൽ, പാലക്കാട്–കോഴിക്കോട് (എൻഎച്ച് 966) 4 വരിയാക്കൽ, തിരുവനന്തപുരം–അങ്കമാലി 4 വരി ദേശീയപാത, കൊല്ലം–ചെങ്കോട്ട (എൻഎച്ച് 744) 4 വരിയാക്കൽ, കുട്ട–മലപ്പുറം 4 വരി പാത എന്നിവയുടെ ഡിപിആർ തയാറാക്കുന്ന ജോലികളും അവസാന ഘട്ടത്തിലാണ്…

Back to top button
error: