‘ഒടിടിയെ എതിര്‍ക്കേണ്ട ആവശ്യമില്ല. ഒരു മാധ്യമത്തെയും ശത്രുതയോടെയല്ല കാണേണ്ടത്. ഫെഫ്ക ഒരു മാധ്യമത്തെയും എതിര്‍ക്കുന്നില്ല’ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ടെക്‌നോളജി പരിണമിച്ചുകൊണ്ടേയിരിക്കും. ഇത്തരം ടെക്‌നോളജികളെ മറികടന്നു പോയ ചരിത്രമാണ് തീയേറ്ററുകള്‍ക്കുള്ളത്. ‘കുറുപ്പ്’ പോലുള്ള ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. അദ്ദേഹം പറഞ്ഞു.
ശത്രു സ്ഥാനത്ത് ഒരു മാധ്യമത്തെ നിര്‍ത്തികൊണ്ടുളള ഒരു ചര്‍ച്ചയും ദീര്‍ഘ കാലത്തേക്ക് നിലനില്‍ക്കില്ല. ഇതിനു മുന്‍പ് ടെലിവിഷന്‍ വന്നു. സീരിയലുകളും, ടെലിവിഷന്‍ പരിപാടികളും വെല്ലുവിളിയായി. ഒരിക്കല്‍ മോഹന്‍ലാല്‍ കോന്‍ ബനേഗാ കരോര്‍പതിയുടെ മലയാളം പതിപ്പിന്റെ കരാര്‍ ഒപ്പിടാന്‍ പോയപ്പോള്‍ പലരും എതിര്‍ത്തിരുന്നു. മോഹന്‍ലാലിനെ പോലൊരാള്‍ അത് ചെയ്താല്‍ തീയേറ്ററിലേക്ക് ആളുകളെ കൊണ്ടുവരുന്നതില്‍ തടസ്സം ഉണ്ടാക്കും എന്നായിരുന്നു വാദം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ബിഗ് ബോസ് ഷോ ചെയ്യുന്നുണ്ട്.
ഏതൊരു പുതിയ സംരംഭവും ആദ്യം തടസ്സം ഉണ്ടാക്കും. ഫെഫ്ക ഒരു മാധ്യമ മേഖലയേയും തള്ളി പറയില്ല. ഇപ്പോള്‍ റിലീസ് ചെയ്ത ‘കുറുപ്പ്’ സിനിമയെ വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഒരു മാസം കഴിഞ്ഞാല്‍ ആ ചിത്രം ഒടിടിയിലൂടെ എത്തും എന്ന് അറിയാമായിരുന്നുവെങ്കിലും പ്രേക്ഷകര്‍ തീയേറ്ററുകളിലേക്ക് കുതിക്കുന്നു. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. അവന് മുറിയില്‍ ഒറ്റയ്ക്കിരുന്നു ഒരു കലാരൂപം ആസ്വദിക്കാന്‍ കഴിയില്ല. ഇതിനെയെല്ലാം മറികടന്ന് തിയേറ്ററുകള്‍ നിലനില്‍ക്കും. അതുകൊണ്ടാണ് എന്റെ സിനിമ ഒരു ചര്‍ച്ച പോലും ഇല്ലാതെ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചത്. ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.