വെറുതേ കിട്ടിയ 3.75 കോടി നിർബന്ധിച്ച് തിരിച്ചു കൊടുത്ത് കുട്ടപ്പൻ മാഷ്
അനർഹമായ പണം തനിക്കു വേണ്ടെന്നും അത് തിരിച്ചെടുത്ത് അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാനും ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിയുമായും ബാങ്കുകളുമായും നിരന്തരമായി ബന്ധപ്പെട്ടു. ഒടുവിൽ കൊടുങ്ങല്ലൂരിലെ ഓഫീസുമായി ബന്ധപ്പെട്ട് പണം തിരിച്ചെടുപ്പിക്കുകയായിരുന്നു
ഒന്നും രണ്ടുമല്ല, മൂന്നേമുക്കാൽ കോടി രൂപയാണ് അറിയാതെ അക്കൗണ്ടിലെത്തിയത്. പക്ഷേ കുട്ടപ്പൻ മാഷിന് ആ പണം വേണ്ട.
പണം എത്ര കിട്ടിയാലും ആർത്തി തീരാത്ത കാലത്ത് അക്കൗണ്ടില്‍ വന്ന മൂന്നേമുക്കാല്‍ കോടി രൂപ നിർബന്ധിച്ച് തിരികെ ഏല്‍പ്പിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ അല്പം പ്രയാസമാണ്. പക്ഷേ അധ്യപക ജോലിയിൽ നിന്നും വിരമിച്ച വാടാനപ്പള്ളി എറവ് സ്വദേശി കുട്ടപ്പന്‍മാഷ് വെറുതേ കിട്ടിയ ത്ത പണം കൈപ്പറ്റാൻ തയ്യാറായില്ല. നിരവധി തവണ ബാങ്കുകളിൽ കയറിയിറങ്ങിയും ഉദ്യോഗസ്ഥരെ കണ്ടും പണം തിരികെ കൊടുത്തിട്ടേ മാഷിന് സമാധാനമായുള്ളു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലമെറ്റെടുത്തതിന്റെ നഷ്ടപരിഹാര തുകയിനത്തിലാണ് കുട്ടപ്പൻ മാഷിന്റെ അക്കൗണ്ടില്‍ 3.31 കോടിയലധികം രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ 44 ലക്ഷവും കൂടുതല്‍ വന്നത്. ഇത് അധികൃതതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കൃത്യമായ രേഖകളുമായാണ് പണം നിക്ഷേപിച്ചത് എന്നതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞത്.
അനർഹമായ പണം തനിക്കു വേണ്ടെന്നും അത് തിരിച്ചെടുത്ത് അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാനും ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിയുമായും ബാങ്കുകളുമായും നിരന്തരമായി ബന്ധപ്പെട്ടു.
ഒടുവിൽ കൊടുങ്ങല്ലൂരിലെ ഓഫീസുമായി ബന്ധപ്പെട്ട് പണം തിരിച്ചെടുപ്പിക്കുകയായിരുന്നു.
ആശാരിക്കാട് ഗവ. യു.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായിരുന്ന കുട്ടപ്പന്‍ 1998ലാണ് സ്‌കൂളില്‍ നിന്നും വിരമിക്കുന്നത്. ഭാര്യ സാവിത്രി റിട്ട. പഞ്ചായത്ത് സൂപ്രണ്ടാണ്. ഇരുവരും എറവിലാണ് ഇപ്പോള്‍ താമസിക്കുന്നത്.