തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ അപാകതകള്‍ പരിഹരിക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചുളള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കം. സമരത്തിന്റെ ആദ്യഭാഗമായി പ്രിന്‍സിപ്പല്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം, ഒപി , കിടത്തി ചികിത്സ, ശസ്ത്രക്രിയ അടക്കം ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് ആദ്യഘട്ട പ്രത്യക്ഷ സമരം നടത്തുന്നത്
മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്ക് 2016 ല്‍ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം 2020 ലാണ് ലഭ്യമായത്. ഉത്തരവ് 2020 സെപ്റ്റംബര്‍ മാസത്തില്‍ പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം അധ്യാപകര്‍ക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നല്‍കിയിട്ടില്ല. ഇതാണ് സമരത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.
ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണിതെന്ന് കെജിഎംസിടിഎ പറയുന്നു.