ശിവഗിരിയിൽ ഭരണമാറ്റം; ധർമ്മസംഘംട്രസ്റ്റ് പ്രസിഡൻ്റായി സ്വാമി സച്ചിതാനന്ദയും ജനറൽ സെക്രട്ടറിയായി സ്വാമി ഋതംബരാനന്ദയും ട്രഷററായി സ്വാമി ശാരദാനന്ദയും തെരഞ്ഞെടുക്കപ്പെട്ടു
43 സന്യാസിമാർ ചേർന്നാണ് 11അംഗ ബോർഡിനെ തെരെഞ്ഞെടുത്തത്. 21 പേരാണ് മത്സരിച്ചത്. 4 പേർക്ക് തുല്യ വോട്ട് ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ നിത്യ സ്വരൂപാനന്ദ പുറത്തായി. സ്വാമി സാന്ദ്രാനന്ദയുടെ തോൽവിയും അപ്രതീക്ഷിതമായി.
അടുത്ത കാലത്തതൊന്നും ശിവഗിരിയിൽ ഇത്ര കടുത്ത മത്സരം നടന്നിട്ടില്ല
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡിൽ ഭരണ മാറ്റം. അടുത്ത 5 വർഷത്തെ പുതിയ ഭാരവാഹികളായി സ്വാമി സച്ചിതാനന്ദ (പ്രസിഡൻ്റ്), സ്വാമി ഋതംബരാനന്ദ (ജനറൽ സെക്രട്ടറി), സ്വാമി ശാരദാനന്ദ (ട്രഷററാർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ശിവഗിരി മഠത്തിൽ രാവിലെ 11 മണിക്ക് സ്വാമി വിശുദ്ധാനന്ദയുടെ അധ്യക്ഷതയിൽ നടന്ന ട്രസ്റ്റ് ബോർഡ് യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.
ഒക്ടോബർ 16ന് നടന്ന തെരെഞ്ഞെടുപ്പിൽ ഭരണസമിതിയിൽ പുതിയ 11 അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു.
കഴിഞ്ഞ ഭരണസമിതിയിലെ ഒമ്പത് പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുൻ ജനറൽ സെക്രട്ടറിസ്വാമി സാന്ദ്രാനന്ദയും ബോർഡ് അംഗമായ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദയും പരാജയപ്പെട്ടു.
കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ ഉൾപ്പെടെ നാല് പേർക്ക് തുല്യ വോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പ് വേണ്ടിവന്നു. ചെമ്പഴന്തി ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി ശുഭാംഗാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട്. ഇദ്ദേഹവും ഗുരുധർമ്മ പ്രചരണസഭയുടെ സെക്രട്ടറി സ്വാമി സച്ചിദാനന്ദയുമാണ് ബോർഡിലേക്ക് പുതിയതായി എത്തിയവർ.
പുതിയ അംഗങ്ങൾ:
സ്വാമിമാരായ ശുഭാംഗാനന്ദ, ഗുരുപ്രസാദ്, സൂക്ഷ്മാനന്ദ, സദ്രൂപാനന്ദ, പരാനന്ദ, സച്ചിദാനന്ദ, വിശാലാനന്ദ, ഋതംബരാനന്ദ, വിശുദ്ധാനന്ദ, ശാരദാനന്ദ, ബോധിതീർഥ.
മുൻ പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ ട്രഷറർ സ്വാമി ശാരദാനന്ദ ബോർഡ് അംഗങ്ങളായ സ്വാമി ബോധിതീർഥ, സ്വാമി നിത്യ സ്വരൂപാനന്ദ എന്നിവർക്ക് 21 വോട്ട് വീതം തുല്യ വോട്ട് ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ നിത്യ സ്വരൂപാനന്ദ പുറത്തായി. സ്വാമി സാന്ദ്രാനന്ദയുടെ തോൽവി അപ്രതീക്ഷിതമായി.
അടുത്ത കാലത്തതൊന്നും ശിവഗിരിയിൽ ഇത്ര കടുത്ത മത്സരം നടന്നിട്ടില്ല. ആയിരം കോടിയിലേറെ രൂപയുടെ ആസ്തിയാണ് ശിവഗിരി ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റിനുള്ളത്.