തിരുവനന്തപുരം: ചിറയൻകീഴ് ദുരഭിമാന മർദ്ദനത്തിൽ പ്രതി ഡോ ഡാനിഷുമായി തെളിവെടുപ്പ് നടത്തി. മിഥുനെ മർദ്ദിച്ച അനത്തലവട്ടത്ത് പ്രതിയെ എത്തിച്ച് തെളിവുകൾ ശേഖരിച്ചു. ആറ്റിങ്ങൽ ഡിവൈ. എസ്.പിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഒളിവിലായിരുന്ന ഇയാളെ ഊട്ടിയിലെ റിസോർട്ടിൽ നിന്ന് പിടികൂടിയത്. സഹോദരിയെ വിവാഹം ചെയ്ത ഇതര മതസ്ഥനായ മിഥുൻ മതം മാറാൻ വിസമ്മതിച്ചതിനാണ് ഡാനിഷ് അയാളെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മിഥുൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്… സംഭവത്തിൽ കൊലപാതക ശ്രമത്തിന് പുറമെ പട്ടികജാതി ആക്രമണ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്
വീട്ടുകാരുമായി ചേര്‍ന്ന് കല്ല്യാണക്കാര്യം സംസാരിക്കാനെന്നു പറഞ്ഞാണ് ഡാനിഷ് സഹോദരി ദീപ്തിയേയും ഭര്‍ത്താവ് മിഥുനേയും വിളിച്ചുവരുത്തിയത്. എന്നാല്‍ മതം മാറണമെന്ന ആവശ്യം മുന്നോട്ട് വച്ചതോടെ മിഥുൻ അത് സമ്മതിച്ചില്ല. പണം നല്‍കാം ദീപ്തിയെ വിട്ടുകൊടുക്കണമെന്നായി അടുത്ത പ്രലോഭനം. അതും നിരസിച്ചതോടെയാണ് ക്രൂരമായി മർദ്ദിച്ചത്.
ഡി.ടി.പി ഓപറേറ്ററായ മിഥുനും 24 കാരി ദീപ്തിയും ഒക്ടോബര്‍ 29 നാണ് വിവാഹിതരായത്.
ഇരുവരുടെയും പ്രണയബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഒടുവിലാണ് ദീപ്തി വീട് വിട്ട് മിഥുനെ വിവാഹം കഴിച്ച് ജീവിതം തുടങ്ങിയത്. പിന്നാലെയാണ് സഹോദരൻ ഡാനിഷ് . മിഥു നിനെയും ദീപ്തിയേയും അനുരഞ്ജന ചർച്ചക്കെന്നു പറഞ്ഞ് വിളിച്ചു വരുത്തി തല്ലിച്ചതച്ചത്. തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒകടോബര്‍ 31നാണ് സംഭവം നടന്നത്. ഇതേക്കുറിച്ച് ദീപ്തിയുടെ പ്രതികരണം ഇപ്രകാരമാണ്:
“കല്ല്യാണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ഭര്‍ത്താവ് മിഥുനെ എൻ്റെ ചേട്ടന്‍ വിളിപ്പിച്ചു. അങ്ങനെ ഞാനും മിഥുനും കൂടെ പോയി. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ഒന്നുകില്‍ മതം മാറണം. അല്ലെങ്കില്‍ എന്നെ വിട്ടുകൊടുക്കണം, ആവശ്യത്തിനു പണം തരാം എന്നും ചേട്ടന്‍ മിഥുനോട് പറഞ്ഞു. രണ്ടിനും സമ്മതമല്ല, പൈസ കണ്ടിട്ടല്ല പ്രണയിച്ചതെന്ന് മിഥുന്‍ പറഞ്ഞു. മിഥുനിന്റെ ഒപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് ഞാനും പറഞ്ഞു. അങ്ങനെയാണെങ്കില്‍ അമ്മയെ കണ്ടിട്ട് പോകാം എന്നും പറഞ്ഞ് ഞങ്ങളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോയി. വീടിനു മുന്നിലെത്തിയതും ഭര്‍ത്താവിനെ തല്ലാന്‍ തുടങ്ങി. കമ്പും കയ്യും ഉപയോഗിച്ച് തല്ലി. തല എവിടെയോ ഇടിച്ചു. ബോധം പോകുന്നത് വരെ തല്ലി. പിടിച്ചുമാറ്റാന്‍ ശ്രമിച്ച എന്നേയും തല്ലി. വിവാഹത്തിന് എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു. ചേട്ടന്‍ ഒറ്റക്കാണ് മിഥുനിനെ തല്ലിയത്. ആക്രമണത്തെ കുറിച്ച് വീട്ടുകാര്‍ക്ക് അറിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”