ജലനിരപ്പ് താഴുന്നില്ല, കേരളം ഭീതിയുടെ പാരമ്യത്തിൽ; നാല് മന്ത്രിമാരുടെ നേതൃത്വത്തിൽ തമിഴ്നാട് സംഘം ഇന്ന് മുല്ലപ്പെരിയാറിൽ
അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണകെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് പണിത് തമിഴ്നാടിന് ജലവും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കണമെന്നുമാണ് കേരളത്തിൻ്റെ നിലപാട്
ഇടുക്കി: നാല് മന്ത്രിമാരുടെ നേതൃത്വത്തിൽ തമിഴ്നാട് സംഘം ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി എന്നീ 4 മന്ത്രിമാരോടൊപ്പം തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളിൽ നിന്നുള്ള നിന്നുള്ള എം. എൽ.എമാരും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാർക്കൊപ്പം ഉണ്ടാകും.
ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്ന് 8 ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് സന്ദർശനം. മുല്ലപ്പെരിയാർ വിഷയത്തിൽ എ.ഐ.എ.ഡി.എം.കെ ഈ മാസം ഒൻപതിന് വിവിധ സ്ഥലങ്ങളിൽ സമരം നടത്താൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെയും കണ്ടേക്കും.
ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിലെ എട്ട് ഷട്ടറുകൾ കൂടി തമിഴ്നാട് ഉയർത്തിയിരുന്നു. സെക്കന്റില് മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്.
138.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണം.
സെക്കൻറിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. തമിഴ്നാട് കൊണ്ടു പോകുന്നത് 2340 ഘനയടി വീതവും.
സ്പിൽവേയിലെ ആറു ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. അതേ തുടർന്നാണ് അടച്ചഷട്ടറുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അതുണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണകെട്ട് ഡീക്കമ്മീഷൻ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്നാടിന് ജലവും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കണം ഇതാണ് കേരളത്തിൻ്റെ നിലപാട്.
കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് കേരളത്തിന് സ്വീകാര്യമല്ല. തമിഴ്നാട് തയ്യാറാക്കിയ റൂൾ കെർവ് ആണ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയർത്താം എന്നാണ് മേൽനോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. പക്ഷേ മേൽനോട്ട സമിതി യോഗത്തിൽ തങ്ങൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സുപ്രീം കോടതിക്ക് സമിതി കൈമാറിയ റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ലെന്ന് കേരളം ചൂണ്ടിക്കാട്ടി.