ദീപാവലി സമ്മാനം, പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും കുറയും
സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി, ഡീസലിനും പെട്രോളിനും എക്സൈസ് തീരുവ ഗണ്യമായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഈ കുറവ് ഉപഭോഗം വർദ്ധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും
ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് നേരിയ ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്.
ഇതുമൂലം ഉണ്ടാകുന്ന വിലക്കുറവ് ഇന്ന് (ബുധൻ) അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
ഇന്ധന വില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യർത്ഥിച്ചു.
സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി, ഡീസലിനും പെട്രോളിനും എക്സൈസ് തീരുവ ഗണ്യമായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഈ കുറവ് ഉപഭോഗം വർദ്ധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഇത് സഹായകമാകും. രാജ്യത്ത് ഊർജ ക്ഷാമം ഉണ്ടാകാതിരിക്കാനും പെട്രോളിന്റേയും ഡീസലിന്റേയും ആവശ്യകത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.