ജനദ്രോഹ സമരങ്ങൾ മോബോക്രസിയാവുമ്പോൾ…
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ടി.വി ചാനലുകള്‍ കേരളത്തില്‍ ഇല്ലാതിരുന്ന കാലത്ത്, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന
സമരമാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. മിന്നല്‍ ഹര്‍ത്താല്‍, ബന്ദ്, വഴി തടയല്‍, ട്രെയിന്‍ തടയല്‍ തുടങ്ങി നിരവധി സുകുമാര കലകളില്‍ വൈദഗ്ധ്യം നേടിയ
നേതാക്കള്‍ പലരും ജനങ്ങളെ ഉപദ്രവിക്കുന്ന കാര്യത്തില്‍ പരസ്പരം മല്‍സരിക്കുകയായിരുന്നു.
അക്കാലത്ത് സി.പി.എം ഒരു ട്രെയിന്‍ തടയല്‍ സമരം
നടത്തി. തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് ഇറങ്ങി നടക്കേണ്ടി വന്ന ഒരു പ്രായമായ വ്യക്തി, കഴിഞ്ഞ ദിവസം ജോജു
ജോര്‍ജ്ജ് പ്രതികരിച്ചത് പോലെ അത്രക്ക് ശക്തിക്കല്ലെങ്കിലും, ഇടപെട്ടു. സമരക്കാര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്യാന്‍ വട്ടം കൂട്ടുന്നതിനിടെ ഓടിയെത്തിയ
മുതിര്‍ന്ന നേതാക്കള്‍ പെട്ടെന്നാണ് ആ മനുഷ്യനെ തിരിച്ചറിഞ്ഞത് – ഡോ.കെ.എന്‍.രാജ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന സാമ്പത്തിക
കാര്യ വിദഗ്ധന്‍, ജവഹര്‍ലാല്‍ നെഹ്രു പോലും ഏറെ ആദരിച്ചിരുന്ന പ്രഗത്ഭന്‍. കെ.എന്‍.രാജ് സൗമ്യമായ ഭാഷയില്‍, സമരം കാരണം
ഉണ്ടാകുന്ന നഷ്ടത്തെ കുറിച്ച് സമരക്കാരെ പഠിപ്പിക്കാനാണ് ശ്രമിച്ചത്. ഞങ്ങളെ പഠിപ്പിക്കാന്‍ ഇയാള്‍ക്കെന്ത് കാര്യം എന്ന രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയ
അണികള്‍ക്ക് നേതാക്കള്‍ ഓടിയെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ വലിപ്പം മനസിലായത്. ഡോ.രാജിനെ അവര്‍ കൈയ്യേറ്റം ചെയ്യാത്തത് ഒരുപക്ഷെ
നേതാക്കള്‍ ഇടപെട്ടതുകൊണ്ട് മാത്രമായിരിക്കും. ഇതാണ് മോബോക്രസി.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ ജോജുവിന് നേരേ നടന്ന
കൈയ്യേറ്റം ചര്‍ച്ച ചെയ്തപ്പോള്‍, ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് പറയുന്ന ന്യായങ്ങള്‍ കേട്ടപ്പോള്‍ ഈ പ്രസ്ഥാനക്കാര്‍ക്ക് നേരേ ചൊവ്വേ സമരം ചെയ്യാന്‍ അറിയാത്ത കാര്യം വ്യക്തമായി മനസിലായി. സി.പി.എമ്മോ ബി.ജെ.പിയോ നടത്തുന്ന സമരത്തിനിടയിലേക്ക്
ജോജു ഇത്തരത്തില്‍ കയറിച്ചെല്ലുമോ എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ സംശയം. കോണ്‍ഗ്രസ് വഴിയില്‍ കിടക്കുന്ന ചെണ്ടയാണോ എന്ന്
കഴിഞ്ഞ ദിവസം വി.ഡി.സതീശന്‍ ചോദിച്ചതേയുള്ളൂ. അതേ സാര്‍, നിങ്ങളുടെ പാര്‍ട്ടി വഴിയില്‍ കിടക്കുന്ന ചെണ്ട തന്നെയാണ്. ആര്‍ക്കും
വേണമെങ്കില്‍ അതില്‍ കൊട്ടാം. അതാണ് കോണ്‍ഗ്രസ് .
ജോജുവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനയിലും ഈ വൈരുദ്ധ്യമുണ്ട്. ജോജു മദ്യപാനിയാണെന്നും
തറഗുണ്ടയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറയുമ്പോള്‍ ജോജുവിനെ ആക്രമിച്ചതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷ നേതാവ്
വി.ഡി.സതീശനും എറണാകുളത്തെ എം.പി ഹൈബി ഈഡനും പറയുന്നത്. എന്തായാലും കോണ്‍ഗ്രസ് നേതൃത്വം സംഭവത്തില്‍ ആകെ പുലിവാല്
പിടിച്ച മട്ടാണ്. കാരണം, ഇവര്‍ക്ക് നേരേ ചൊവ്വേ വെയില്‍ കൊണ്ടോ പോലീസിന്റെ തല്ല് കൊണ്ടോ സമരം ചെയ്ത് തീരെ പരിചയമില്ല.
എല്ലാറ്റിനും ഉപരി ഇന്ധനവില തോന്നും പോലെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍
ആണെന്നും ഇവര്‍ മറക്കുന്നു. കേരളത്തില്‍ നിന്ന് യു.ഡി.എഫിന് 19 ലോക്‌സഭാംഗങ്ങള്‍ ഉണ്ട്. ഇവര്‍ക്ക് ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍
എന്താണ് ബുദ്ധിമുട്ട്? നരേന്ദ്രമോദിയേയും അമിത്ഷായേയും കാണുമ്പോള്‍ മുട്ട് കൂട്ടിയിടിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് അത് അസാധ്യമാണ്.
പണ്ട് യു.പി.എ സര്‍ക്കാര്‍ ഇന്ധനത്തിന് വില കൂട്ടിയപ്പോള്‍ കാളവണ്ടിയിലേറി തലസ്ഥാനത്ത് സമരം നടത്തിയ ഒരു
ബി.ജെ.പി നേതാവ് ഇന്ന് കേന്ദ്രമന്ത്രിയാണ്. എല്ലാ ആഴ്ചയും കേരളത്തില്‍ എത്തുന്ന ഈ കേന്ദ്രമന്ത്രിയെ തടഞ്ഞ് വെയ്ക്കുകയാണ് ഇനി ചെയ്യാവുന്ന കാര്യം. പക്ഷെ പൂച്ചക്ക്
ആര് മണികെട്ടും എന്നതാണ് ചോദ്യം. പോരെങ്കില്‍ പിണറായിയുടെ പോലീസും. വടി പോലെ തേച്ചെടുത്ത ഖദറും അണിഞ്ഞ് ഇന്നോവാ കാറിലെ
ശീതളിമയില്‍ അഞ്ച് മിനിട്ട് കൊണ്ട് സമരം നടത്തി മടങ്ങുന്ന നേതാക്കള്‍ക്ക് ഇത്തരം സമരങ്ങളൊക്കെ സ്വപ്‌നത്തില്‍ മാത്രം.
കാറില്‍ ജോജുവിന് ഒപ്പം ഉണ്ടായിരുന്ന സംവിധായകന്‍ എ.കെ.സാജന്‍ വളരെ കൃത്യമായി എന്താണ് നടന്നതെന്ന് ചര്‍ച്ചയില്‍ വിശദീകരിച്ചു.
ഇനിയും പല ജോജുമാരും വരും, മര്യാദക്ക് സമരം നടത്തിയില്ലെങ്കില്‍. ഇത്തരം പ്രാകൃത സമരമുറകളൊക്കെ പുതിയ തലമുറ പുച്ഛിച്ച് തള്ളുമെന്ന്
ഉറപ്പാണ്. അത് കൊണ്ട് തന്നെ കോണ്‍ഗ്രസുകാരോട് പറയാനുള്ള വരികള്‍ അവരുടെ തന്നെ നേതാവായ കെ.എസ്.ശബരിനാഥന്‍ ഇന്നലെ പറഞ്ഞ്
തന്നിരുന്നു – പോടേയ്, പോയി തരത്തിന് കളിക്ക്……