കൊച്ചി: നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി. സിംഗിള്‍ ബഞ്ചിന്റേതാണ് നിരീക്ഷണം. കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി ഇത്തരം പരാതികളില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ എന്തായെന്നും ചോദിച്ചു.
അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്നുള്ളതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി. അതേസമയം, നോക്കുകൂലി ഒഴിവാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചതായും നോക്കുകൂലിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.