NEWSTRENDING

11കാരിയുടെ യുട്യൂബ് ചാനലിന് ഒന്നേമുക്കാൽ ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്, ചാനൽ സന്ദർശിച്ചത് രണ്ടുകോടിയിലേറെപ്പേർ

സഹപാഠികൾക്കായി ‘ഉമക്കുട്ടി’യിലൂടെ പഠനക്ലാസുകൾ തുടങ്ങി. പാഠപുസ്തകത്തിലെ എല്ലാ വിഷയങ്ങളും പഠിപ്പിച്ച് ഉമ കൂട്ടുകാരുടെ ടീച്ചറായി, പിന്നെ മാർഗദർശിയായി. കോട്ടൺഹിൽ ഗവൺമെന്റ് സ്കൂളിൽ ആറാം ക്ലാസിലേക്കു കടന്ന ഉമ്മയുടെ ചാനലിന്   ഒന്നേമുക്കാൽ ലക്ഷത്തിലേറെയാണ് ഇപ്പോൾ സബ്‌സ്‌ക്രൈബേഴ്സ്

നാലാം ക്ലാസുകാരിയായ ഉമ വെറും നേരംപൊക്കിന് തുടങ്ങിയതാണ് ‘ഉമക്കുട്ടി’ എന്ന യുട്യൂബ് ചാനൽ. കോവിഡ്കാലം, സ്കൂൾ പൂട്ടി, കളിയും ചിരിയും കുട്ടുകാരുമൊന്നുമില്ല. അച്ഛനും അമ്മയും ഓഫീസിൽ. മനം മടുപ്പിക്കുന്ന ആ വിരസതയിൽ നിന്ന് മോചനം നേടാനാണ് കൂട്ടുകാർക്ക് കഥകൾ പറഞ്ഞുകൊടുത്തുകൊണ്ട് ‘ഉമക്കുട്ടി’ തുടങ്ങിയത്. 2020 മാർച്ച് 10നാണ് ചാനൽ ആരംഭിച്ചത്. തുടർന്ന് സഹപാഠികൾക്കായി ‘ഉമക്കുട്ടി’യിലൂടെ പഠനക്ലാസുകൾ തുടങ്ങി. പാഠപുസ്തകത്തിലെ എല്ലാ വിഷയങ്ങളും പഠിപ്പിച്ച് ഉമ കൂട്ടുകാരുടെ ടീച്ചറായി, പിന്നെ മാർഗദർശിയായി.

കോട്ടൺഹിൽ ഗവൺമെന്റ് സ്കൂളിൽ ആറാം ക്ലാസിലേക്കു കടന്ന ഉമ്മയുടെ ചാനലിന് ഇപ്പോൾ ഒന്നേമുക്കാൽ ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്സുണ്ട്. ഒരു ലക്ഷം തന്നെ വലിയൊരു കടമ്പയാണെന്നിരിക്കെയാണ് ഈ ഉജ്വല വിജയം.
ചാനൽ വൻ ഹിറ്റായതോടെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തന്നെ വീട്ടിലെത്തി ഉമയെ അഭിനന്ദിച്ചു.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉമയുടെ ക്ലാസുകൾ കുട്ടികൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് ചാനലിന് സബ്‌സ്‌ക്രൈബേഴ്‌സും വ്യൂവേഴ്സും വർദ്ധിച്ചത്.

ഇതിനകം ഉമയുടെ ചാനൽ രണ്ടു കോടിയിലേറെപ്പേർ സന്ദർശിച്ചു കഴിഞ്ഞു.
കോവിഡിന്റെ ഒന്നാം തരംഗകാലത്ത് സംസ്ഥാന സിലബസിൽ അഞ്ചാംക്ലാസിലെ എല്ലാ വിഷയങ്ങളും ചാനലിലൂടെ കൂട്ടുകാരെ പഠിപ്പിച്ചു. ഇപ്പോൾ ആറാം ക്ലാസിലെ പാഠഭാഗങ്ങളും പഠിപ്പിക്കുന്നുണ്ട്.

ആദ്യം മൊബൈലിൽ വീഡിയോ റെക്കോഡ്‌ ചെയ്താണ് അപ്‌ലോഡ് ചെയ്തിരുന്നത്. കാഴ്ചക്കാർ കൂടിയതോടെ വീട്ടിൽത്തന്നെ സ്റ്റുഡിയോ ഒരുക്കി. സാങ്കേതികസംവിധാനങ്ങൾ ഒരുക്കാനുള്ള വരുമാനം യുട്യൂബിലൂടെ പിന്നീട് ലഭിച്ചു.

യുട്യൂബ് വരുമാനത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകി. കഴിഞ്ഞവർഷത്തെ സംസ്ഥാനതല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ സ്പീക്കറായി ഉമയെ തിരഞ്ഞെടുത്തിരുന്നു.
സ്കൂൾ തുറന്നല്ലോ ഇനി എന്തു ചെയ്യും എന്നാണ് ചിലരുടെ സംശയം. ഉമയ്ക്കു പക്ഷേ സംശയമില്ല, ചാനൽ തുടരുമെന്നു തന്നെയാണ് ആ മിടുക്കിയുടെ തീരുമാനം.

പ്രശസ്ത കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റെയും അഭിഭാഷക എം. നമിതയുടെയും മകളാണ് ഈ ആറാം ക്ലാസുകാരി. കുട്ടികളുടെ സർഗവാസനകളെ പ്രചോദിപ്പിക്കാനുള്ള രക്ഷകർത്താക്കളുടെ പിന്തുണയാണ് ഇവിടെ അഭിനന്ദനാർഹമായ ഒരു കാര്യം. പത്താം ക്ലാസ് വിദ്യാർഥി അമലാണ് ഉമയുടെ സഹോദരൻ.

Back to top button
error: