NEWS

കാട്ടുപന്നി വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി പ്രസവിച്ചു, ഒടുവിൽ വീട്ടുകാരി പുറത്തായി

വീട് അടച്ചുപൂട്ടി തമിഴ്നാട്ടിലെ ബന്ധുവീട്ടിലേക്ക് പോയ പതിപൂർണ്ണമേരി ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് കാട്ടുപന്നി വീട് കയ്യേറി പൊറുതി തുടങ്ങിയ കാര്യം അറിയുന്നത്. വീടിന്റെ പിന്നിലെ കതക് കുത്തിപ്പൊളിച്ചാണ് കാട്ടുപന്നി അകത്തു കയറി ബെഡ്റൂമിനെ ലേബർ റൂമാക്കി മാറ്റിയത്

വണ്ടിപ്പെരിയാർ വള്ളക്കടവ് പൊന്നഗർ കോളനിയിലാണ് സംഭവം. അടച്ചിട്ടിരുന്ന വീടിന്റെ കതക് കുത്തിത്തുറന്ന് അകത്തുകയറി കാട്ടുപന്നി പ്രസവിച്ചതോടെ വീട്ടുകാരി ഇപ്പോൾ വീട്ടിൽ നിന്നും പുറത്തായ അവസ്ഥയിലാണ്.
വള്ളക്കടവ് പൊന്നഗർ കോളനിയിൽ താമസിക്കുന്ന പതിപൂർണ്ണമേരിയുടെ വീടിനുള്ളിലാണ് കാട്ടുപന്നി അതിക്രമിച്ച് കയറി  ‘പെറ്റു’കിടക്കുന്നത്.
എന്നുമാത്രമല്ല, ഏഴ് കുഞ്ഞുങ്ങളെ ‘നൊന്തു പെറ്റ’ ആ അമ്മ വീട്ടിലെ സാധനസാമഗ്രികൾ മുഴുവനും നശിപ്പിക്കുകയും ചെയ്തു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല.

Signature-ad

ഒരാഴ്ച മുമ്പ് വീട് അടച്ചുപൂട്ടി തമിഴ്നാട്ടിലെ ബന്ധുവീട്ടിലേക്ക് പോയ പതിപൂർണ്ണമേരി ഇന്നലെ പുലർച്ചെ തിരിച്ചെത്തുമ്പോഴാണ് കാട്ടുപന്നി വീട് കയ്യേറി പൊറുതി തുടങ്ങിയ കാര്യം അറിയുന്നത്.
വീടിന്റെ പുറകിലുള്ള കതക് കുത്തിപ്പൊളിച്ചാണ് കാട്ടുപന്നി അകത്തു കയറി ബെഡ്റൂമിനെ ലേബർ റൂമാക്കി മാറ്റിയത്. മുമ്പും ഈ പ്രദേശത്ത് കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങൾ കടന്നു കയറി കൃഷിയിടങ്ങൾ നശിപ്പിക്കുകയും മറ്റും പതിവായിരുന്നെങ്കിലും
ഇതാദ്യമായാണ് വീടിനുള്ളിൽ അതിക്രമിച്ചു കടന്ന് ഇത്തരത്തിൽ ഒരു ‘തോന്ന്യാസം’ കാണിച്ചിരിക്കുന്നത്.

വള്ളക്കടവ് ഫോറസ്ററ്റിലും എരുമേലി ഫോറസ്റ്റിലും വിവരമറിയിച്ചെങ്കിലും പത്തോളം കുഞ്ഞുങ്ങൾ ഉള്ള കാട്ടുപന്നിയുടെ അടുത്തേക്ക് പോകുന്നത് അപകടമാണെന്നായിരുന്നു മറുപടി.
ഇതോടെ വീട്ടുകാരി വീടിന് പുറത്തായിരിക്കയാണ്. പതിപൂർണ്ണമേരി തനിച്ചാണ് ഈ വീട്ടിൽ താമസം.
ഇനി കാട്ടുപന്നി പ്രസവാനന്തര ശുശ്രൂഷയും കഴിഞ്ഞ് കുട്ടികളെ കാട്ടംഗനവാടിയിൽ ചേർക്കുന്നതിനു ശേഷം മാത്രമേ പതിപൂർണ്ണമേരിയ്ക്ക് സ്വന്തം വീട്ടിൽ പരിപൂർണ്ണ സ്വാതന്ത്ര്യം കിട്ടുകയുള്ളൂ.അല്ലെങ്കിൽ കാടത്തം ഒഴിവാക്കി കാടിന്റെ പാലകർ മനസ്സുവയ്ക്കണം!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: