മറ്റൊരുവളുടെ ഭർത്താവ്
“ഡിവോഴ്സായിരുന്നില്ല, എന്നെ തല്ലി ഒഴിവാക്കി…”
അജിത്തിൻ്റെ ആദ്യ ഭാര്യ നസിയ നിറകണ്ണുകളോടെ സ്വന്തം കഥ പറയുന്നു:
“ഞാൻ സമ്മതിച്ചിട്ടാണ് വിവാഹമോചനം നേടിയതെന്ന് അജിത്ത് പറയുന്നത് പച്ചക്കള്ളമാണ്. ഞാൻ പൂർണമനസ്സോടെ വിവാഹമോചനം നൽകിയിട്ടില്ല. അജിത്തും അനുപമയും ചേർന്ന് ആ അവസ്ഥയിലേക്ക് എന്നെ എത്തിച്ചതാണ്. അതിനായി അജിത് എന്നെ മർദിച്ചു. തല്ലിക്കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തി.
പേടിച്ച് അടുത്ത വീട്ടിൽ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്. എന്നെ രംഗത്തിറക്കിയത് അവരുടെ അച്ഛനാണെന്നാണ് അനുപമ പറയുന്നത്. എനിക്കു പിന്നിൽ ആരുമില്ല. അതുകൊണ്ട് എനിക്കൊന്നും കിട്ടാനുമില്ല. 2011ലായിരുന്നു ഞങ്ങളുടെ വിവാഹം. മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞിരിക്കെയാണ് അജിത്തുമായി പ്രണയത്തിലായി കൂടെ ഇറങ്ങി പോന്നത്. സ്പെഷ്യൽ മാരിയേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഡാൻസ് പഠിക്കാൻ പോയാണ് ഡാൻസ് മാസ്റ്ററായ അജിത്തിനെ പരിചയപ്പെട്ടത്.
ഒമ്പത് വർഷം ഒന്നിച്ച് ജിവിച്ചു. സ്നേഹത്തോടെയുള്ള ജീവിതമായിരുന്നു ആദ്യമൊക്കെ. അജിത്തിന് അനുപമയുമായുള്ള ബന്ധമാണ് തങ്ങളുടെ ദാമ്പത്യത്തെ ഉലച്ചത്. ഇക്കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഒരിക്കൽപ്പോലും സ്വന്തം വീട്ടിൽ പോയി നിന്നിട്ടില്ല. അജിത്തിനൊപ്പം തന്നെയായിരുന്നു താമസം.
വിവാഹശേഷമാണ് പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ ഡി.വൈ.എഫ്.ഐ പേരൂർക്കട മേഖല സെക്രട്ടറിയാണ്.
ദാമ്പത്യത്തിലെ ചില്ലറ പിണക്കങ്ങൾക്കിടയിലും ഞങ്ങൾ സന്തോഷമായി കഴിയുകയായിരുന്നു. അനുപമ മേഖലകമ്മിറ്റി അംഗമായി വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അജിത്തും അനുപമയും ഒന്നിച്ചിരിക്കുന്നതും പെരുമാറുന്നതും കണ്ടപ്പോൾ ചോദ്യം ചെയ്തു. അനുപമ സഹോദരിയെപ്പോലെയാണ് എന്നാണ് അന്ന് അജിത് പറഞ്ഞത്. അതിരുവിട്ട ആ അടുപ്പം കണ്ട് കമ്മിറ്റിയിൽനിന്ന് പലപ്പോഴും സങ്കടത്തോടെ ഇറങ്ങിപ്പോന്നിട്ടുണ്ട്.
പക്ഷേ അജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞെങ്കിലും അത് അനുപമ ആയിരുന്നുവെന്ന് തോന്നിയിരുന്നില്ല. ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് ഗർഭമുണ്ടെന്ന പരിശോധന റിസൾട്ട് കണ്ടു. അതിന് ശേഷം പുലർച്ചെ നാലുമണിക്ക് അനുപമയുടെ മെസേജ് വന്നു. അത് കണ്ടപ്പോഴാണ് കഥാനായിക അനുപമയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴും നെടുമങ്ങാടുള്ള ആളാണ് പെൺകുട്ടിയെന്നാണ് അജിത്ത് പറഞ്ഞത്. അജിത്ത് ജോലി ചെയ്യുന്ന ആശുപത്രിയിൽ ഒപ്പം ജോലി ചെയ്യുന്ന ആളാണെന്ന്.
ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അനുപമയെ എങ്ങനെയെങ്കിലും ഒഴിവാക്കാമെന്നാണ് അജിത് പറഞ്ഞത്. പക്ഷേ എന്നെ ഒഴിവാക്കാനായി ഇരുവരുടെയും ശ്രമം. പോകാൻ ഇടമില്ലാത്തതിനാൽ വിവാഹമോചനം നൽകാൻ തയാറായില്ല. പാർട്ടിയിലെ ചിലരു പറഞ്ഞു, വിവാഹമോചനം നൽകരുതെന്ന്. നിയമപ്രകാരം ഞാനയാളുടെ ഭാര്യയാണല്ലോ…?അതല്ലാതെ മറ്റൊരു നേട്ടത്തിനുമല്ല…
അതിനിടയ്ക്ക് അനുപമയുടെ അച്ഛൻ വിളിച്ച് വിവരം തിരക്കിയിരുന്നു. അന്ന് ഡിവോഴ്സിന് സമ്മതിക്കില്ല എന്നാണ് ഞാൻ പറഞ്ഞത്. വിവാഹമോചനം നീട്ടിക്കൊണ്ടുപോകാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷെ നിരന്തരമായ പീഡനവും ഭീഷണിയുമായിരുന്നു നേരിടേണ്ടി വന്നത്.
2020 ഒക്ടോബര്‍ 20 നാണ് അനുപമ ഒരാണ്കുഞ്ഞിന് ജന്മം നല്‍കിയത്. കൃത്യം മൂന്നാം ദിവസം ഈ കുട്ടിയെ മാതാപിതാക്കള്‍ മാറ്റിയതായി അനുപമ പറയുന്നു. അന്ന് കുട്ടിയെ വിട്ടു നൽകാൻ അനുമതി പത്രത്തിൽ ഒപ്പിട്ടു നൽകിയ അനുപമ ആറു മാസത്തിനു ശേഷമാണ് പരാതിയുമായി രംഗത്ത് വന്നത്. ഒരു പെറ്റമ്മയ്ക്കും സ്വന്തം ചോരക്കുഞ്ഞിനെ ഒരു മണിക്കൂർ പോലും പിരിഞ്ഞിരിക്കാനാകില്ല. കുഞ്ഞിനെ വേണമായിരുന്നുങ്കിൽ അതിനെ ആർക്കെങ്കിലും കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ…?
അനുപമയുടെ കുട്ടിയെചൊല്ലി നടക്കുന്നതൊക്കെ കള്ള പ്രചരണമാണ്. അതുകൊണ്ടാണ് ഇപ്പോഴിതൊക്കെ വെളിപ്പെടുത്തുന്നത്.
ഇപ്പോൾ എനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ഇനി പ്രതികരിക്കും. ഇത്രയും നാൾ നിശബ്ദയായിരുന്നത് അജിത്ത് വിളിച്ച് മാപ്പ് ചോദിച്ചതുകൊണ്ടാണ്. എന്നാൽ എന്റെ മൗനം മുതലെടുക്കുകയാണ് അജിത്ത് ചെയ്തത്. അനുപമയും അജിത്തും തമ്മിലുള്ള ബന്ധം അറിഞ്ഞപ്പോൾ തന്നെ അത് അവരുടെ കുടുംബത്തെ അറിയിച്ച് തടയാമായിരുന്നു. പക്ഷേ ഒമ്പത് വർഷം കൂടെ കഴിഞ്ഞ ഭർത്താവിനെ എങ്ങനെ നാണംകെടുത്തുമെന്നോർത്താണ് മടിച്ചത്.
പക്ഷേ ഇപ്പോഴും അനുപമ അറിയാതെ അജിത്തിന്റെ സന്ദേശങ്ങളും ഫോണ്‍കോളുകളും എനിക്കു വരാറുണ്ട്. ‘നിന്നെ എപ്പോഴും ഓര്‍ക്കാറുണ്ട്, കാണാന്‍ ആഗ്രഹമുണ്ട്, എഫ്.ബി മെസഞ്ചറാണ് സേഫ്’ എന്നൊക്കെ പറയുന്നത്…”
ആ ഫോണ്‍കോളുകളുടെയും സന്ദേശങ്ങളുടെയും തെളിവുകൾ നസിയ പുറത്തുവിട്ടു.
അതിനിടയിൽ കോടതിയിലും അനുപമ മലക്കം മറിഞ്ഞു. മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടികൊണ്ടു പോയതല്ലെന്നാണ് ഇപ്പോൾ വാദം. താല്‍ക്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു എന്ന് അനുപമ എസ് ചന്ദ്രന് കുടുംബ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു അനുപമ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. മാധ്യമങ്ങളോടും ഇങ്ങനെയാണ് അനുപമ ആവര്‍ത്തിച്ചത്.