NEWS

കരിപ്പൂർ വിമാനത്താവളത്തിനു പിന്നിൽ മണ്ണിടിച്ചിലിൽ തടാകം രൂപപ്പെട്ടു, കാണാൻ സന്ദർശക തിരക്ക്, നാട്ടുകാർ ഭീതിയിൽ

കോഴിക്കോട്: കരിപ്പൂർ  വിമാനത്താവളത്തിനു സമീപം വെങ്കുളത്തുമാട് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നു സമീപ വാസികൾ ഭീതിയിൽ. കൂടുതൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. വിമാനത്താവളത്തിനു പിറകുവശം പള്ളിക്കൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലാണു വെങ്കുളത്തുമാട്. വർഷങ്ങൾക്കു മുൻപു വിമാനത്താവളത്തിലെ ആവശ്യത്തിനു മണ്ണെടുത്താണ് ഇവിടെ തടാകം രൂപപ്പെട്ടത്.

ഇവിടെയെത്തിയാൽ മനോഹരമായ വെള്ളക്കെട്ടും വിമാനത്താവളവും വിമാനങ്ങളും കാണാനാകും എന്നതിനാൽ ദിവസവും സന്ദർശകരുടെ എണ്ണം കൂടുതലാണ്.
ഈ തടാകത്തിന്റെ ഒരു വശമാണ് ഇടിഞ്ഞത്. സന്ദർശകർ വിമാനത്താവളം കാണാൻ എത്തുന്ന ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്.
തൊട്ടടുത്ത് വിമാനത്താവളത്തിന്റെ ചുറ്റുമതിലുണ്ട്. ഈ മതിലിനോടു ചേർന്നു മണ്ണെടുത്തതിനാൽ ഇവിടെയും അപകട ഭീഷണിയുണ്ട്.
സംഭവമറിഞ്ഞ ഉടൻ കരിപ്പൂർ സി.ഐ ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തിയതായും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചതായും സി.ഐ അറിയിച്ചു. പരിസരത്തെ വീട്ടുകാരുടെ ആശങ്ക അകറ്റേണ്ടതുണ്ട്. തദ്ദേശവാസികളുടെ യോഗം പി.അബ്ദുൽ ഹമീദ് എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചു ചേർക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി പറഞ്ഞു.

ഇന്നലെ കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി തഹസിൽദാർ ഇ.അബൂബക്കർ അറിയിച്ചു.

Back to top button
error: