‘സുകുമാരക്കുറുപ്പ്’ മഹാരാഷ്ട്രയില്‍
ഇന്‍ഷൂറന്‍സ് തുക തട്ടാന്‍ പാമ്പിനെ ഉപയോഗിച്ച് സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത ‘സുകുമാരക്കുറുപ്പ്’ പൊലീസ് പിടിയിലായി
മുംബൈ: പാമ്പിനെ ഉപയോഗിച്ച് സ്വന്തം കൊലപാതകം പ്‌ളാന്‍ചെയ്ത് ഇന്‍ഷൂറന്‍സ് തട്ടാന്‍ ശ്രമിച്ച ആള്‍ മഹാരാഷ്ട്രയില്‍ പിടിയില്‍. 37.5 കോടി രൂപവരുന്ന അമേരിക്കന്‍ ഇന്‍ഷൂറന്‍സ് തുക ലക്ഷ്യമാക്കി ഇയാള്‍ കൊലപ്പെടുത്തിയത് ഒരു ദരിദ്ര വ്യക്തിയെ. 54കാരനായ പ്രഭാകര്‍ ഭീമാജി വാഗ്ചൗര്‍ ആണ് പ്രതി. ഇയാളും നാല് സഹായികളും പിടിയിലായി.
കഴിഞ്ഞ 20 വര്‍ഷമായി യു.എസില്‍ ജീവിക്കുന്ന വാംഗ്ചൗര്‍ ജനുവരിയില്‍ നാട്ടില്‍ മടങ്ങിയെത്തി. ഇവിടെ രജൂര്‍ ഗ്രാമത്തില്‍ വിശ്രമജീവിതം നയിക്കുകയാണ്. ഏപ്രില്‍ 22ന് രജൂര്‍ പൊലീസിന് പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വാംഗ്ചൗര്‍ എന്നയാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ ആശുപത്രിയിലെത്തിയപ്പോള്‍ വാംഗ്ചൗരിന്റെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ യുവാവും സ്ഥലവാസിയായ മറ്റൊരാളും ഉണ്ടായിരുന്നു.
ഇവരാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പാമ്പുകടിയേറ്റായിരുന്നു മരണം. ഇന്‍ഷൂറന്‍സ് കമ്പനിയുടെ ആള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മറ്റാരോ ആണെന്ന് വ്യക്തമായത്. അന്വേഷണത്തില്‍ സ്ഥലവാസിയായ നവനാഥ് യശ്വന്ത് ആനാപ് (50)എന്ന ദരിദ്രകുടുംബാംഗമാണ് മരിച്ചതെന്ന വ്യക്തമായി.
ഇയാളെ ആളില്ലാത്ത വീട്ടിലെത്തിച്ച് പാമ്പുപിടിത്തക്കാരന്റെ സഹായത്തോടെ കടിപ്പിച്ച് കൊലപ്പെടുത്തിയാണ് തെളിവുകള്‍ സൃഷ്ടിച്ചത്. മരണത്തിനുശേഷം നടപടികള്‍ പൂര്‍ത്തിയാക്കി വാഗ്ചൗർ മറ്റൊരു ടൗണിലേക്കുതാമസം മാറി. സഹായികള്‍ക്ക് 35ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്. പ്രതികളെ കൊലക്കേസ്, തട്ടിപ്പ് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു.