NEWS

കോവിഡ് 19- നിയന്ത്രണങ്ങൾക്ക് ഫ്രെബ്രുവരി 28 വരെ പ്രാബല്യം

കൊല്ലം ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ നിയന്ത്രണങ്ങളും 2021 ഫെബ്രുവരി 28 വരെ ദീർഘിപ്പിച്ച് ഉത്തരവായതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ അറിയിച്ചു.

ബീച്ചുകളിലും പാർക്കുകളിലും 2021 ഫെബ്രുവരി 28 വരെ വൈകുന്നേരം ആറുമണിക്ക് ശേഷം സന്ദർശകരെ അനുവദിക്കുന്നതല്ല.

Signature-ad

ജില്ലയിലെ എല്ലാ ഹോട്ടലുകളിലും എല്ലാ വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർ മൂക്കും വായും മൂടത്തക്ക വിധത്തിൽ മാസ്ക് ധരിക്കേണ്ടത്. കൂടാതെ ഇത്തരം സ്ഥാപനങ്ങളിൽ സോപ്പ്, വെള്ളം അഥവാ സാനിറ്റൈസർ എന്നിവ സന്ദർശകരുടെ ശ്രദ്ധയിൽപ്പെടുന്ന വിധത്തിൽ പ്രവേശന കവാടത്തിൽ തന്നെ സജ്ജീകരിക്കേണ്ടതുമാണ്. ഇതിന് വിപരീതമിയി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനാരോഗ്യ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ആ സ്ഥാപനം ഉടൻ പ്രാബല്യത്തിൽ അടച്ചുപൂട്ടാൻ ബന്ധപ്പെട്ട പൊലീസ്, റവന്യൂ, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകൾ നടപടി സ്വീകരിക്കേണ്ടതാണ്. ബന്ധപ്പെട്ട നിയമങ്ങൾ നിഷ്കർഷിക്കുന്ന പ്രകാരം പിഴ ചുമത്തുന്നതിനും കേസെടുക്കുന്നതിനുു പുറമേ ആ സ്ഥാപനം തുടർന്ന് തുറന്നു പ്രവർത്തിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങിയിരിക്കണം.

എല്ലാവിധ ഇൻഡോർ, ഔട്ട്ഡോർ കായികവിനോദങ്ങളും വ്യായാമങ്ങളും പരിശീലനങ്ങളും മൈതാനങ്ങളിലും സ്റ്റേഡിയങ്ങളിലും നടത്തുന്നത് ഫെബ്രുവരി 28 വരെ രാവിലെ 6 മണി മുതൽ 8 മണി വരെയും വൈകുന്നേരം 4 മണി മുതൽ 6 മണി വരെയുമായി പരിമിതപ്പെടുത്തി ഉത്തരവാകുന്നു.

കശുവണ്ടി ഫാക്ടറികള്‍ ഉൾപ്പെടെയുള്ള എല്ലാ തൊഴിൽ മേഖലകളിലും ശാരീരിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലനം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ലേബർ ഓഫീസർ തുടർച്ചയായി പരിശോധന നടത്തേണ്ടതാണ്. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തൊഴിലാളികളെ അപകടകരമായ സാഹചര്യത്തിൽ പ്രവർത്തി എടുക്കുവാൻ നിർബന്ധിതരാക്കിയതിന് സ്ഥാപനം ഉടമയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടതും കൂടാതെ തുടർനടപടികൾക്കായി ബന്ധപ്പെട്ട പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളെ വിവരം അറിയിക്കേണ്ടതാണ്.

ജില്ലയിലെ ക്ഷേമ സ്ഥാപനങ്ങളിലെ എല്ലാ അന്തേവാസികളും 2021 ഫെബ്രുവരി 1 നും 28 നും ഇടയിൽ ഒരു തവണയെങ്കിലും കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ടെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഉറപ്പുവരുത്തിയിരിക്കണം.

പൊതുജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മൂക്കും വായും മൂടത്തക്ക വിധത്തിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കൽ ഉറപ്പു വരുത്തുന്നതിന് പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുന്നു. മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് പകരം എല്ലാ കേസുകളിലും ചട്ട പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കി മാസ്ക് ധരിക്കുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.

വിദ്യാലയത്തില്‍ മാസ്ക് ധാരണവും ശാരീരിക അകലവും ഉറപ്പുവരുത്തുന്നതിന് തുടർന്നും നടപടികൾ സ്വീകരിക്കുന്നതിന് അതത് പ്രഥമാധ്യാപകർക്ക് നിർദേശം നൽകുന്നു. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയാൽ ആയത് അച്ചടക്ക ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കേണ്ടതാണ്.

ഹാർബറുകൾ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ആൾക്കൂട്ടം ഒഴിവാക്കി മത്സ്യ ലേലം നിയന്ത്രിച്ചും ഹാര്‍ബറുകളുടേയും ലേല ഹാളുകളുടേയും പ്രവര്‍ത്തനം കർശനമായ ഉപാധികളോടെ നടത്തേണ്ടതാണ്. ഹാർബറുകളിലോ ലേല ഹാളുകളിലോ തിരക്ക് നിയന്ത്രണാതീതമാകുന്നതായോ അഥവാ മറ്റെന്തെങ്കിലും കോവിഡ് പ്രോട്ടോകോള്‍ ലംഘനമോ ശ്രദ്ധയിൽപ്പെട്ടാൽ ഇൻസിഡന്റ് കമാൻഡർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പിഴ ഈടാക്കുന്നതിനു പുറമേ അവയുടെ പ്രവർത്തനം നിർത്തി വെക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

വിവാഹം തുടങ്ങി ഓഡിറ്റോറിയങ്ങളിലോ ആരാധനാലയങ്ങളിലോ നടത്തുന്ന എല്ലാ ചടങ്ങുകളേയും സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി പോലീസിനും ആരോഗ്യവകുപ്പിനും നൽകണമെന്ന നിലവിലെ നിർദ്ദേശവും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി 100 എന്ന പരിധിയും കർശനമായി പാലിക്കപ്പെടുന്നുവെന്ന് പോലീസ് ഉറപ്പുവരുത്തേണ്ടതാണ്.

പൊതു മാര്‍ക്കറ്റുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടാത്ത പക്ഷം അവ താൽക്കാലികമായി അടച്ചുപൂട്ടേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് ആയിരിക്കും.

പൊതു ഗതാഗത സംവിധാനങ്ങളിൽ ഗതാഗത ചട്ട പ്രകാരം അനുവദനീയമായ എണ്ണം ആളുകളിൽ കൂടുതൽ സഞ്ചരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഗതാഗത വകുപ്പിലേയും പോലീസ് വകുപ്പിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആയിരിക്കും.

ആവശ്യമുള്ള സ്ഥലങ്ങളിൽ ക്രിമിനൽ നടപടി സംഹിതയിലെ വകുപ്പ് 144 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട പക്ഷം ബന്ധപ്പെട്ട പോലീസ് മേധാവി മാർ ശുപാർശ സമർപ്പിക്കേണ്ടതാണ്.

ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അവയുടെ പ്രവർത്തനാനുമതി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നിശ്ചിതകാലത്തേക്ക് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.

പുറമേ റവന്യു, പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഇതിനകം രൂപീകരിച്ചിട്ടുള്ള സംയുക്ത സ്ക്വാഡ് തുടർന്നു ദിനംപ്രതി പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം നിരീക്ഷിച്ച് അവയ്ക്ക് സമയനിയന്ത്രണം ഏർപ്പെടുത്തേണ്ട പക്ഷം അതിനാവശ്യമായ ശുപാർശ മേൽ വകുപ്പുകൾ യഥാസമയം നൽകേണ്ടതാണ്.

Back to top button
error: