ട്വിറ്ററിൽ ടൂൾകിറ്റ് ഉണ്ടാക്കി ഇടാൻ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റയ്ക്ക് സഹായികളായത് ദിഷയും ശാന്തനുവും നികിതയുമെന്ന് ഡൽഹി പൊലീസ്. ദിഷയും ശാന്തനുവും നികിതയും ചേർന്നാണ് ടൂൾകിറ്റ് ഉണ്ടാക്കിയതെന്നും അത് ടെലഗ്രാം ആപ്പ് വഴി ഗ്രേറ്റയ്ക്ക് അയച്ചു കൊടുത്തു എന്നും ഡൽഹി പൊലീസ് പറയുന്നു.
കർഷക സമരത്തെ സഹായിക്കാനും സ്വാധീനിക്കാനും ഉതകുന്നതായിരുന്നു ടൂൾക്കിറ്റ്. ” പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയ്ക്ക് വേണ്ടി പുനീത് എന്ന സ്ത്രീ കാനഡയിൽ നിന്ന് നികിതയെ ബന്ധപ്പെട്ടു. സംഘടനയുടെ സ്ഥാപകൻ മോ ദാലിവാളുമായി സൂം മീറ്റിംഗ് സംഘടിപ്പിച്ചു. നികിതയും ദിഷയും അടക്കം 60 പേർ സൂം യോഗത്തിൽ പങ്കെടുത്തു. ആ യോഗത്തിൽ ടൂൾക്കിറ്റ് സംബന്ധിച്ച ചർച്ച നടന്നു.” ഒരു മുതിർന്ന സൈബർസെൽ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ജനുവരി 26ന് ഡിജിറ്റൽ- ശാരീരിക ആക്രമണം നടത്താൻ ടൂൾ കിറ്റ് ആഹ്വാനം ചെയ്തു എന്ന് ജെസിപി പ്രേംനാഥ് മാധ്യമങ്ങളോട് പറഞ്ഞു., “ടൂൾകിറ്റിന്റെ രണ്ടാം ഭാഗം ഇന്ത്യയുടെ സാംസ്കാരിക ചിഹ്നങ്ങളെയും എംബസികളെയും ഉന്നം വയ്ക്കണം എന്നു പറയുന്നതാണ് “പ്രേംനാഥ് കൂട്ടിച്ചേർത്തു.