NEWS

ഇടുക്കി ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന് ശിലാസ്ഥാപനം

തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ പുതുതായി ആരംഭിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു.

ഇടുക്കിയിലെ ജനങ്ങള്‍ക്ക് ഈ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ എം.എം. മണിയുടെ ശ്രമഫലമായാണ് മെഡിക്കല്‍ കോളേജ് ലഭ്യമാക്കുന്നതിന് സഹായകമായത്. സംസ്ഥാനത്ത് തിരുവനന്തപുരം, തൃപ്പുണ്ണിത്തുറ, കണ്ണൂര്‍ എന്നീ 3 സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളാണ് നിലവിലുള്ളത്. നാലാമത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ആയുര്‍വേദ കോളേജാണ് ഇടുക്കി ഉടുമ്പന്‍ചോലയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഉടുമ്പന്‍ചോലയില്‍ 20.82 ഏക്കര്‍ സ്ഥലമാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജിനായി സര്‍ക്കാര്‍ അനുവദിച്ചത്. മലയോര മേഖലയുടെ വികസനം കൂടി മുഖവിലയ്‌ക്കെടുത്താണ് ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കോളേജും ആശുപത്രിയുമാണ് ഇവിടെ ആരംഭിക്കുന്നത്. ഈ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വരുന്നു. കോളേജിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന ആശുപത്രിയില്‍ എല്ലാ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കുള്ള സൗകര്യം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം വി.എന്‍ മോഹനന്‍, തൃപ്പുണ്ണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി.ഡി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button