പ്രൊബേഷന്‍ നയം അംഗീകരിച്ചു,ഇന്ത്യയില്‍ ആദ്യമായി പ്രൊബേഷന്‍ നയം രൂപീകരിക്കുന്ന സംസ്ഥാനമാണ് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന്‍ നയത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 10 പ്രധാന സാമൂഹ്യ പ്രതിരോധ മേഖലകളാണ് നയത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. നല്ലനടപ്പ് ജാമ്യം അഥവാ പ്രൊബേഷന്‍, ജയിലില്‍ നിന്നും ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നും അവധിയിലിറങ്ങുന്നവരുടെ മേല്‍നോട്ടവും കുടുംബ സാമൂഹ്യ പുന:സംയോജനവും, അകാല വിടുതല്‍ നേടി പുറത്തിറങ്ങുന്നവരുടെ നല്ലനടപ്പ്, കുറ്റകൃത്യത്തിനിരയാവുന്നവര്‍, ആദ്യ കുറ്റാരോപിതരും സ്ത്രീ കുറ്റാരോപിതരും, വാദിയും പ്രതിയും നീതിന്യായ വ്യവസ്ഥയുടെ സഹായത്തോടെ കേസുകള്‍ തീര്‍പ്പാക്കുന്ന പ്ലീ ബാര്‍ഗൈനിംങ്ങ്, കോമ്പൗണ്ടിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍, ശിക്ഷ സാമൂഹ്യസേവനമായി നല്‍കല്‍, ലഹരിയും കുറ്റകൃത്യങ്ങളും, ഭിക്ഷാടനവും തെരുവില്‍ കഴിയുന്നവരും, മനുഷ്യക്കടത്തിന് വിധേയരാവുന്നവര്‍, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവയാണ് ആ 10 വിഭാഗങ്ങള്‍.
ഇന്ത്യയില്‍ ആദ്യമായി പ്രൊബേഷന്‍ നയം രൂപീകരിക്കുന്ന സംസ്ഥാനമാണ് കേരളം. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാ സമ്പ്രദായമാണ് നല്ലനടപ്പ് അല്ലെങ്കില്‍ പ്രൊബേഷന്‍. സംസ്ഥാനത്തെ കുറ്റക്യത്യങ്ങള്‍ പടിപടിയായി കുറച്ച് കൊണ്ടുവരികയും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു സമൂഹം രൂപപ്പെടുത്തിയെടുക്കുകയുമാണ് നയത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഈ ലക്ഷ്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് നയത്തിലുള്ളത്.
സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 4 സംവിധാനങ്ങളില്‍ പ്രധാനപ്പെട്ട ഒരു സംവിധാനം ആണ് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നിയമ വകുപ്പ്, പോലീസ് വകുപ്പ്, ജയില്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, പ്രോസിക്യൂഷന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും വിശദമായി ചര്‍ച്ചകളും ശില്‍പശാലകളും നടത്തിയാണ് നയത്തിന് അന്തിമ രൂപം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.