NEWS

മുഖ്യമന്ത്രിക്ക് വൈരനിര്യാതന ബുദ്ധിയെന്നു മുല്ലപ്പള്ളി

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന പിഎസ്സ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രി വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭ പരിഗണക്കാത്തത് നിരാശാജനകമാണ്.യുവാക്കളോട് കാട്ടിയ ക്രൂരതയും അനീതിയുമാണിത്.ഇരുട്ടിന്റെ മറവില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഡിവൈഎഫ്‌ഐ മുന്നോട്ട് വച്ച ഉപാധി ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിക്കാത്തതിന്റെ പ്രതികാരബുദ്ധിയാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ കാട്ടിയത്.മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Signature-ad

പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തെ രാഷ്ട്രീയവത്കരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല.അവരെ സമരത്തിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസാണെന്ന ആരോപണം അസംബന്ധവും അര്‍ത്ഥരഹിതവുമാണ്.വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ളവര്‍ അവര്‍ക്കിടയിലുണ്ട്.അതില്‍ ഭൂരിപക്ഷവും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെട്ടവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ നാളുകള്‍ മാത്രം ശേഷിക്കെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്യോഗാര്‍ത്ഥികളേയും യുവജനങ്ങളേയും വഞ്ചിക്കാനുള്ള വാചോടാപം മാത്രമാണ്. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭ നിരാകരിക്കുമ്പോള്‍ തന്നെ നൂറുകണക്കിന് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ വീണ്ടും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന് പകരം ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: