പുത്തരിയിൽ കല്ലുകടിയോ? കാപ്പനെ യുഡിഎഫില്‍ ഘടകകക്ഷി ആക്കുന്നകാര്യം എഐസിസിയുമായി ആലോചിക്കണമെന്ന് മുല്ലപ്പള്ളി
എന്‍സിപി വിട്ട് വരുന്ന മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുല്ലപ്പള്ളി പറഞ്ഞു.കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കാപ്പന്‍ വരുന്നത്.കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നല്‍കാന്‍ സാധിക്കും എന്നും താന്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.എന്‍സിപി പിളര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് വരുന്നതെങ്കില്‍ യുഡിഎഫില്‍ ഘടകകക്ഷി ആക്കുന്നകാര്യം എഐസിസിയുമായി ആലോചിച്ചു മാത്രമെ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്ക് തീരുമാനം എടുക്കാന്‍ സാധിക്കു.ഈ വിഷയത്തില്‍ തനിക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനസ്വീകാര്യതയും വിജയസാധ്യതയുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡം.അതിനപ്പുറം മറ്റുപരിഗണനയില്ല.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിലേത് പോലുള്ള പാളിച്ച ഇനിയാവര്‍ത്തിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.