ഗ്രേറ്റ ടൂൾകിറ്റ് കേസുമായി ബന്ധപ്പെട്ട് മലയാളി യുവതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഡൽഹി പൊലീസാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പരിസ്ഥിതി പ്രവർത്തകയും ബോംബെ ഹൈകോടതി അഭിഭാഷകയുമായ നിഖിത ജേക്കബിനെതിരെ ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നിഖിത ഒളിവിലാണെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. നിഖിതയുടെ മലയാളി ബന്ധം സ്ഥിരീകരിച്ചത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്.
കേസുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകയായ 21കാരി ദിഷ രവിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിഷയെ അഞ്ചുദിവസം പട്യാല കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷം വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് ദിഷക്കെതിരെ എഫ്ഐആർ ചുമത്തിയിരിക്കുന്നത്.