പിഎസ്സി റാങ്ക് ഹോൾഡേഴ്സിനെ ഉപയോഗിച്ച് യുഡിഎഫ് അക്രമം അഴിച്ചു വിടുന്നുവെന്ന് എ വിജയരാഘവൻ
പിഎസ്സി റാങ്ക് ഹോൾഡേഴ്സിനെ ഉപയോഗിച്ച് യുഡിഎഫ് അക്രമം അഴിച്ചു വിടുകയാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. സംസ്ഥാനത്ത് അക്രമ സമരങ്ങൾ നടത്താനുള്ള ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
മാനുഷിക പരിഗണന വച്ചാണ് താൽകാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. പിഎസ്സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സർക്കാരിന്റെ കാലത്ത് താത്കാലികക്കാരെ നിയമിച്ചിട്ടില്ല. ഇല്ലാത്ത ഒഴിവുകളിൽ പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്നും ജോലി നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ നിയമനം നടത്താതിരിക്കുന്നതിൽ ആരും പ്രശ്നമുന്നയിക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ആഭാസങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.