മുഖ്യമന്ത്രി പിണറായി വിജയനെ അന്ധമായി എതിർക്കാൻ ഇല്ലെന്ന് ബി ജെ പി എംഎൽഎ ഒ രാജഗോപാൽ. തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രവർത്തിക്കുന്നത്. താൻ കൂടുതൽ ശക്തമായി ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്. എതിർചേരിയിൽ ഉള്ളവർ നാളെ നമ്മുടെ ചേരിയിലേക്ക് വരാമെന്ന് കണ്ടുവേണം രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ. അന്ധമായ എതിർപ്പ് പ്രയോജനം ചെയ്യില്ല. അതു പക്ഷേ പാർട്ടിയിൽ എല്ലാവർക്കും മനസ്സിലായി എന്നു വരില്ല.
സ്പീക്കർ ശ്രീരാമകൃഷ്ണനെ കുറിച്ചും ഒ രാജഗോപാൽ പ്രതികരിച്ചു.രാഷ്ട്രീയ എതിരാളികളോടുള്ള സമീപനമല്ല സ്പീക്കറോട് വേണ്ടത്. അദ്ദേഹം ഒരു ചെറുപ്പക്കാരനാണ്.എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കേണ്ട ആളാണ് സ്പീക്കർ.
നേമത്ത് മത്സരിക്കാൻ ഇല്ല എന്ന് താൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. വയസ്സ് 92 ആയി. തന്റെ ബുദ്ധിമുട്ട് പാർട്ടിക്കാർക്ക് മനസ്സിലാകും എന്നാണ് വിശ്വസിക്കുന്നത്. നേമത്തിന്റെ കാര്യത്തിൽ കുമ്മനവുമായി ബന്ധപ്പെട്ടാണ് പലർക്കും പ്രതീക്ഷയുള്ളത്. അതു കണ്ടറിയേണ്ട കാര്യമാണ്. കുമ്മനവും താനും ഒരുപോലെയല്ല. താൻ എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥി ആണ് എന്നാണ് പൊതുവിൽ പറയുന്നത്. കുമ്മനം മികച്ച സാമൂഹിക പ്രവർത്തകനും ആധ്യാത്മിക -സാമൂഹിക രംഗങ്ങളിൽ കൂടുതൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആളുമാണ്. പക്ഷേ എല്ലാം കൂടിച്ചേരുമ്പോൾ എത്രത്തോളം മതിയാകും എന്നത് ഇനി അറിയാൻ ഉള്ളതാണ് – രാജഗോപാൽ പറഞ്ഞു.