കെഎസ്ആർടിസി ബസ് സ്റ്റേഷനുകളോട് ചേർന്ന് 67 പെട്രോൾ- ഡീസൽ പമ്പുകൾ സ്ഥാപിക്കുന്നു
തിരുവനന്തപുരം; കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി , കെഎസ്ആർടിസിയുടെ ബസ് സ്റ്റേഷനുകളിൽ പൊതു ജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിൽ പെട്രോൾ- ഡീസൽ പമ്പുകൾ സ്ഥാപിക്കുന്നു.ഫെബ്രുവരി 15 നു ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി കെഎസ്ആർടിസി ധാരണാ പത്രം ഒപ്പു വക്കും .
കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇവിടെ നിന്നും കെഎസ്ആർടിസി ബസുകൾക്ക് മാത്രമാണ് കൺസ്യൂമർ പമ്പിൽ നിന്നും ഡീസൽ നൽകുന്നത്. ഇവയോട് പെട്രോൾ യൂണിറ്റും ചേർത്ത് ഓരോ ഡിപ്പോയുടേയും മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിംഗ് സംവിധാനമുള്ള റീട്ടെൽ ഔട്ട്ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും പൊതുജനങ്ങൾക്ക് പകൽ സമയവും, കെഎസ്ആർടിസിക്ക് കൺസ്യൂമർ പമ്പിൽ നിന്നും രാത്രിയും ഡീസൽ നിറക്കുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.
67 പമ്പിൽ നിന്നും ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഡീലർ കമ്മീഷനു പുറമെ സർക്കാർ സ്ഥലത്തിലുള്ള കെഎസ്ആർടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുൾപ്പെടെ എല്ലാ ചിലവകളും കഴിഞ്ഞ് ഒരു വർഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തിൽ ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ഗുരുവായൂർ, തൃശ്ശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഇപ്പോൾ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകൾ കൂടി ചേർത്താണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകൾ മറ്റു സ്ഥലങ്ങളിൽ തുറക്കുന്നത്. അതിനുള്ള മുഴുവൻ ചിലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും ഐഒസി യാത്രക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്റ്റേരിയ സൗകര്യവും ഒരുക്കും.
ഐഒസിയുമായി ഏർപ്പെടുന്ന കരാർ കൂടാതെ പെട്രോനെറ്റ് 4 സ്ഥലങ്ങളിൽ എൽഎൻജി പമ്പുകൾ സ്ഥാപിക്കും, ഇത് കൂടാതെ ബിപിസിഎൽ 8 സ്ഥലങ്ങളിൽ പെട്രോൾ -ഡീസൽ പമ്പുകളും, എച്ച്പിസിഎൽ മലപ്പുറത്തും പെട്രോൾ ഡീസൽ പമ്പുകളും സ്ഥാപിക്കുന്നുണ്ട്. ഐഒസി സ്ഥാപിക്കുന്ന പമ്പിനുള്ളിലോ , അല്ലെങ്കിൽ അതിനോട് ചേർന്നോ, സിഎൻജി, എൽഎൻജി എന്നിവ സ്ഥാപിക്കുന്നതിനുള്ള ചർച്ചയും പുരോഗമിക്കുകയാണ്.