ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര സജീവമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര സജീവമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ് രണ്ട് പാർട്ടികളുടെയും ലക്ഷ്യം. ഇതിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സർക്കാരിന്റെ പ്രകടന പത്രികയും പ്രവർത്തനങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ചെയ്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ചെറുപ്പക്കാർ സമരം ചെയ്യുമായിരുന്നോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിക്ക് ഒരു നേട്ടവും അവകാശപ്പെടാനില്ല. ഗെയിൽ പൈപ്പ് ലൈൻ യുഡിഎഫ് സർക്കാരിന്റെ പദ്ധതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് തടസ്സപ്പെടുത്താൻ ആണ് സിപിഐഎം ശ്രമിച്ചത്. മെട്രോ കൊണ്ടുവന്നത് ഉമ്മൻചാണ്ടി സർക്കാരാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വന്തമായി ഒരു നേട്ടവും എടുത്തു പറയാനില്ലാത്ത സർക്കാരാണ് ഇതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.