LIFENEWS

ഓട്ടോ, പ്രണയം, സന്നദ്ധ സേവനം: ഒരു അപൂര്‍വ്വ വാലന്റൈന്‍ കഥ

പ്രണയം പോലെ മനോഹരമായ മറ്റൊരു വികാരം ഈ ഭൂമിയിലുണ്ടോ.? പ്രണയത്തിനു വേണ്ടി, പ്രീയപ്പെട്ടവര്‍ക്ക് വേണ്ടി മനുഷ്യൻ ഏതറ്റം വരെയും പോവാറുണ്ട് എന്നു പറയും. പാലക്കാട്ടെ ഒരു അഗ്രഹാരത്തിൽ നിന്നും ചെന്നൈ നഗരത്തിലെ വിശാലതയിലേക്ക് രാജി എന്ന 19കാരിയെ കൊണ്ടുവന്നു നിർത്തിയതും പ്രണയം അല്ലാതെ മറ്റെന്താണ്. രാജിയുടെയും അശോക് കുമാറിന്റെയും പ്രണയം സിനിമ കഥകളേക്കാൾ വെല്ലുവിളികളും സങ്കീർണ്ണതകളും ട്വിസ്റ്റും നിറഞ്ഞതാണ്. പ്രണയത്തിനു വേണ്ടിയും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയും രാജി സഞ്ചരിച്ച വഴികൾ ആർക്കും അത്ഭുതത്തോടെ മാത്രമേ നോക്കി കാണാനാവു.

അശോക് കുമാർ എന്ന പ്രിയപ്പെട്ടവന് വേണ്ടി പത്തൊമ്പതാം വയസ്സിലാണ് രാജി സ്വന്തം വീടും നാടും ഉപേക്ഷിച്ച് കോയമ്പത്തൂരിലേക്ക് പോകുന്നത്. മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ ചെന്നൈ നഗരത്തിലെ ഓട്ടോ അക്കയായി അവർ ഒരുപാട് പേരുടെ ജീവിതത്തിലേക്ക് പ്രകാശവും പ്രണയവും നിറയ്ക്കുന്നു. പയ്യലൂരിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് രാജി ജനിച്ചത്. സാമ്പത്തികമായി മോശം അവസ്ഥയിൽ ആണെങ്കിലും കുടുംബമഹിമയിലും പ്രതാപത്തിലും അവർ ഒരുപിടി മുന്നിലായിരുന്നു. സ്കൂൾ പഠനത്തിനു ശേഷം കോളേജിൽ എത്തിയപ്പോഴാണ് രാജി തന്റെ പ്രീയപ്പെട്ട അശോക് കുമാറുമായി അടുക്കുന്നത്. അതേ ഗ്രാമത്തിലുള്ള പോസ്റ്റുമാൻ മണിയൻ നായരുടെ മകനായ അശോക് കുമാറും രാജിയും ചെറുപ്പം മുതൽ സഹപാഠികളായിരുന്നു. സൗഹൃദം പതിയെപ്പതിയെ വളർന്ന് കോളേജ് കാലഘട്ടത്തിലാണ് പ്രണയമായി മാറുന്നത്. ഇരുവരുടേയും പ്രണയത്തില്‍ ആ നാട്ടിലെ ഗ്രാമീണ വായനശാലയ്ക്ക് വലിയ പങ്കുണ്ട്. രാജി വായനശാലയിലെ ലൈബ്രേറിയൻ ആയും സേവനം ചെയ്യുന്നുണ്ടായിരുന്നു. അശോക് കുമാർ ലൈബ്രറിയിലെ സ്ഥിരം സന്ദർശകൻ ആയതോടെയാണ് പ്രണയത്തിന്റെ ട്രാക്ക് മാറുന്നത്.

ഇരുവരുടെയും മനസ്സിൽ പ്രണയം ആഴത്തിൽ പതിഞ്ഞു എന്ന് തിരിച്ചറിഞ്ഞതോടെയാണ് രാജി ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ച് അശോക് കുമാറിനൊപ്പം പടിയിറങ്ങുന്നത്. പ്രിയപ്പെട്ടവനൊപ്പം പടിയിറങ്ങുമ്പോൾ മുന്നിലേക്ക് വിജനമായ ഒരു വഴി മാത്രമാണ് രാജി കണ്ടിരുന്നത്. രാജിയുടെയും അശോക് കുമാറിന്റെയും പ്രണയവഴിയിലെ മറക്കാനാവാത്ത ഒരിടമാണ് കോയമ്പത്തൂർ. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയിരുന്ന അശോക് കുമാറിന്റെ സുഹൃത്ത് മണികണ്ഠൻ വഴിയാണ് ഇരുവരുടേയും പ്രണയം വിവാഹത്തിലേക്ക് വഴിമാറുന്നത്. കോയബത്തൂരില്‍ ടെയ്ലറായിരുന്ന മണികണ്ഠനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന ഓട്ടോ ഡ്രൈവർമാരും ചേര്‍ന്നാണ് അശോക് കുമാറിന്റെയും രാജിയുടെയും വിവാഹം നടത്തിയത്. സ്വന്തം വീട്ടിലെ പ്രശ്നം എന്നപോലെ അവർ അശോക് കുമാറിനും രാജിക്കും ഒപ്പം നിന്നു. സ്നേഹത്തോടെ സഹോദരങ്ങളെപ്പോലെ അവരുടെ വിവാഹം നടത്തി. 1992 ഒക്ടോബർ 30ന് പീളമേട് മുരുക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതറിഞ്ഞ് നാട്ടിൽ നിന്നും ബന്ധുക്കൾ കോയമ്പത്തൂരിൽ എത്തി. രാജിയെ ഭീഷണിപ്പെടുത്തിയും സ്നേഹത്തോടെയുമൊക്കെ അവർ സംസാരിച്ചു. പക്ഷേ താന്‍ തിരഞ്ഞെടുത്ത വഴിയേ തന്നെ പോകാനായിരുന്നു രാജിയുടെ തീരുമാനം. വിവാഹ ശേഷം അശോക് കുമാർ ഓട്ടോ ഡ്രൈവർ ആയും രാജി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായും പ്രവേശിച്ചു. ഇരുവർക്കും മകൾ ആതിരയും മകൻ ആനന്ദവും ജനിച്ചു. ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടയിലാണ് 1994 ല്‍ ഒരു വാലൻറ്റൈൻസ് ഡേയില്‍ കോയമ്പത്തൂരിൽ ബോംബ് സ്ഫോടനം നടക്കുന്നത്. അതോടെ ജീവിതം വഴിമുട്ടി. ജീവിതം സ്വയം തിരഞ്ഞെടുത്തതിനാൽ തിരികെ വീട്ടിലേക്ക് പോവാനോ ബന്ധുക്കളോട് സഹായം ചോദിക്കുവാനോ ആത്മാഭിമാനം രാജിയെ അനുവദിച്ചില്ല. ജീവിക്കാന്‍ പുതിയ തട്ടകം തേടിയാണ് രാജിയും അശോക് കുമാറും ചെന്നൈ നഗരത്തിൽ എത്തുന്നത്.

ചെന്നൈ നഗരത്തിലെത്തി പലവിധ ജോലിക്ക് ശ്രമിച്ചുവെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെയാണ് കോയമ്പത്തൂരിൽ വച്ച് എടുത്ത ഡ്രൈവിംഗ് ലൈസൻസിന്റെ കാര്യം രാജിയുടെ ഓർമ്മയിൽ വന്നത്. അങ്ങനെ ജീവിതത്തിൽ മറ്റൊരു വേഷം കൂടി കെട്ടാൻ രാജി തീരുമാനിച്ചു. ചെന്നൈ നഗരത്തിൽ ഓട്ടോ ഡ്രൈവറായി പുതിയ ജീവിതം തുടങ്ങുന്നു. ഓട്ടോ വാങ്ങിയ ശേഷം അണ്ണാ നഗറിലെ വനിതാ സ്റ്റാൻഡിലേക്ക് ആണ് രാജി ആദ്യമെത്തിയത്. എന്നാൽ പുതിയ ഒരാളെ താങ്ങള്‍ക്കൊപ്പം സ്വീകരിക്കാൻ അവർ തയ്യാറായില്ല. ജീവിതത്തിൽ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നതുകൊണ്ട് രാജി ചെന്നൈ നഗരത്തിന്റെ വലിയ വിശാലതയിലേക്ക് ഓട്ടോയുമായി പുറപ്പെട്ടു. സെൻട്രൽ പാർക്കിൽ നിന്നും സെൻട്രൽ സ്റ്റേഷനിലേക്ക് ആയിരുന്നു ആദ്യത്തെ ഓട്ടം. പിന്നീടങ്ങോട്ട് പല വഴികളിലൂടെ രാജിയുടെ ഓട്ടോ ഓടിത്തുടങ്ങി. പലപ്പോഴും വഴികൾ തെറ്റിയിരുന്നു. തിരിച്ചറിയാനാകാത്ത നഗര ഊടുവഴികൾ.വഴി തെറ്റിയും കണ്ടെത്തിയും വീണ്ടും തെറ്റിയും ഒടുവിൽ സ്വന്തം കൈവെള്ള പോലെ ചെന്നൈ നഗരത്തിലെ സഞ്ചാരപദങ്ങൾ രാജി മനസിലാക്കി. അശോക് കുമാറും രാജിയും ചെന്നൈ നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ ആയി ജോലി ചെയ്യുന്നു. എത്ര ഓടിയിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ആവാത്ത അവസ്ഥയായിരുന്നു ആ കാലഘട്ടത്തിൽ. സ്വന്തം എന്ന ചിന്ത വിട്ട് സമൂഹത്തിനു വേണ്ടി ജീവിക്കുക എന്ന ആപ്തവാക്യം സുഹൃത്തിൽ നിന്ന് കേട്ടതോടെയാണ് രാജിയുടെ ജീവിതം കീഴ്മേൽ മറിയുന്നത്. ഒരിക്കൽ തന്റെ ഓട്ടോയിൽ കയറിയ വിദേശിയായ പൗരന്റെ ജീവൻ രക്ഷിച്ചതും ആശുപത്രിയില്‍ അയാള്‍ക്ക് കൂട്ടിരുന്നതും വലിയ വാർത്തയായി. ഈ സംഭവത്തോടെ രാജിയെ എല്ലാവരും തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു.

സ്വന്തം ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത രാജിയുടെ മനസ്സിലേക്ക് കടന്നുവന്നു. ഇതോടെയാണ് ജീവിതത്തിന്റെ ഒരു പങ്ക് മറ്റുള്ളവർക്ക് വേണ്ടി മാറ്റിവയ്ക്കാൻ രാജി തീരുമാനിക്കുന്നത്. 2003 മുതൽ രക്തദാന പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ് രാജി. സ്ത്രീകൾക്ക് രാജിയുടെ ഓട്ടോയിൽ സൗജന്യയാത്ര നൽകിത്തുടങ്ങി. രാത്രി ചെന്നൈ നഗരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് രാജി തുണയായി. അതോടെ രാജി എന്ന പാലക്കാട്ടുകാരി ചെന്നൈക്കാരുടെ പ്രിയപ്പെട്ട ഓട്ടോ അക്കയായി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉണ്ടാവേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ രാജി അതിനുവേണ്ടി തന്നാൽ കഴിയും വിധം ഇപ്പോൾ പ്രവർത്തിക്കുകയാണ്. രാവിലെ താമസ സ്ഥലത്തു നിന്നും സ്റ്റാൻഡിലേക്ക് പോകുന്ന വഴി സർക്കാർ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് തന്റെ ഓട്ടോയിൽ സൗജന്യ യാത്ര നൽകിയും രാജി മാതൃകയാവുന്നു. വനിതാ ഓട്ടോ ഡ്രൈവര്‍മാര്‍ പരസ്പരം തുണയാകണം എന്ന ലക്ഷ്യത്തോടെയാണ് ഇണയും കൈകൾ എന്ന കൂട്ടായ്മയ്ക്ക് രാജി രൂപം നൽകിയത്. മാസത്തില്‍ 2 ദിവസം 20 മണിക്കൂർ വീതം അധികം ഓടി ലഭിക്കുന്ന തുകയാണ് രാജി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഈ കൂട്ടായ്മയുടെ കീഴില്‍ 250 ഓളം വനിത ഓട്ടോഡ്രൈവർമാറുണ്ട്. ലോക്ഡൗൺ കാലത്ത് പരസ്പരം സഹായം ആകാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. നിലവില്‍ 7 കുട്ടികള്‍ക്ക് ഇണയും കൈകള്‍ താങ്ങാവുന്നു. അവരുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സകല ചിലവുകളും വഹിക്കുന്നത് ഇണയും കൈകളാണ്. സമൂഹത്തിനു വേണ്ടി ജീവിച്ചു തുടങ്ങിയതോടെ രാജിയെ തേടി നിരവധി അംഗീകാരങ്ങളും എത്തി. പാതി വഴിയില്‍ എവിടെയോ ഉപേക്ഷിച്ചുപോയ നാടിന്റെയും വീടിന്റെയും സ്നേഹവും പരിഗണനയും ഇപ്പോൾ രാജിക്ക് ലഭിച്ചു തുടങ്ങി. പത്തൊമ്പതാം വയസ്സിൽ കൂടെ കൂടിയ അശോക് കുമാർ ഇപ്പോഴും കരുത്തായി തൊട്ടുപിന്നിലുണ്ട്. പാലക്കാട്ടെ ഒരു സാധാരണ കുടുംബത്തിലെ രാജിയെ ചെന്നൈ നഗരത്തിലെ ഓട്ടോ അക്ക എന്ന മനുഷ്യസ്നേഹി ആക്കി മാറ്റിയതില്‍ പ്രണയത്തിന് വലിയ പങ്കുണ്ട്. പ്രണയമായിരുന്നു എല്ലാത്തിന്റെയും തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: